ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്; 15 മിനുട്ടിനകം ഓടിയാലും അവിടെ എത്തില്ല: മുത്തച്ഛന്‍

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടി ആറ്റിന്‍കരയില്‍ പോയിട്ടില്ലെന്നും കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ മോഹനന്‍പിള്ള. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറയുന്നു.

കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ്. കുട്ടി വീടുവിട്ടുപോകില്ല. അടുത്ത വീട്ടില്‍ പോലും പോകാത്ത കുഞ്ഞാണ്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ പറഞ്ഞു.അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കാതെ കുട്ടി പുറത്തിറങ്ങാറില്ല. മാത്രമല്ല. 15 മിനുട്ടിനുള്ളില്‍ കുട്ടി ഓടിയാല്‍പ്പോലും പുഴക്കരയില്‍ എത്തില്ല. മൃതദേഹം കണ്ടെത്തിയ സമയവും സ്ഥലവും എല്ലാം വച്ച്‌നോക്കുമ്പോള്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആറ്റില്‍നിന്നും കണ്ടെടുത്ത അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നതല്ലെന്നും മോഹനന്‍ പിള്ള പറഞ്ഞു. “കുട്ടിയെ കണ്ടെത്തിയ സ്ഥലത്തുനിന്നും ഷാളും ലഭിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ഷാള്‍ കുട്ടി ധരിക്കാറില്ല. ഷാള്‍ ധരിച്ച് കുട്ടി പുറത്തുപോകാറുമില്ല. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. എന്നാല്‍ ആരെയെങ്കിലും സംശയം പറയാനില്ലെന്നും” മോഹനന്‍പിള്ള പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍ നേരത്തെയും പറഞ്ഞിരുന്നു. വീട്ടുകാരുടെ അനുവാദമില്ലാതെ കുഞ്ഞ് പുറത്തേക്കിറങ്ങുകയോ അപരിചിതരുമായി സംസാരിക്കുകയോ ചെയ്യാറില്ല. ഇതുവരെ അവള്‍ ഒറ്റക്ക് ആറ്റുതീരത്തേക്ക് പോയിട്ടില്ല. രാവിലെ തങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. തലേദിവസം നൃത്തമത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ഉറങ്ങട്ടെയെന്ന് കരുതിയാണ് വിളിക്കാതിരുന്നത്. ജോലിക്ക് പോയി മണിക്കൂറുകള്‍ കഴിയുംമുമ്പ് കുട്ടിയെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞു. നിജസ്ഥിതി ബോധ്യപ്പെടാന്‍ ഏതറ്റംവരെയും പോകുമെന്നും മോഹനന്‍ പിള്ള പറഞ്ഞിരുന്നു.

വ്യാഴാഴ്ച ദിവസം രാവിലെയാണ് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മയും നാല് മാസം പ്രായമുള്ള അനിയനുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. 20 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതോടെ പൊലീസും നാട്ടുകാരുമെല്ലാം പാകലും രാത്രിയുമെല്ലാം കുട്ടിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇന്നലെരാവിലെ കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രഥമിക പരിശോധനയില്‍ മുങ്ങിമരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913