ഗുജറാത്ത് കലാപകാലത്ത് വാജ്പേയി പറഞ്ഞിട്ട് കേൾക്കാത്ത മോദി കോൺഗ്രസ് പറഞ്ഞാൽ കേൾക്കുമോ? കപിൽ സിബൽ

2002ൽ ഗുജറാത്ത് കലാപമുണ്ടായ സമയത്ത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് ‘രാജധർമം’ പിന്തുടരണം എന്ന് ആവശ്യപ്പെട്ടിരുന്നു. ‘അന്ന് ഗുജറാത്തിൽ വായ്പേയിയെ കേൾക്കാത്ത നിങ്ങൾ എങ്ങനെ കോൺഗ്രസ് പറയുന്നത് കേൾക്കുമെന്ന് കപിൽ സിബൽ. രാജധർമ്മത്തെ കേൾക്കാനും പഠിക്കാനും അനുസരിക്കാനും നിങ്ങളുടെ സർക്കാരിനെ കൊണ്ട് കഴിയില്ലെന്നും’ കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിൽ രാജധർമ പോര് മുറുകിയിരിക്കെയാണ് പ്രധാനമന്ത്രിക്കിട്ട് കൊട്ടിക്കൊണ്ടുള്ള കപിൽ സിബലിന്റെ ട്വിറ്റ്.

ക്രമസമാധാനനില തകർന്ന ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നാലെ ഭരണപക്ഷമായ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ വൻ വാഗ്വാദങ്ങളാണ് നടക്കുന്നത്. കലാപത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി,​ രാജധർമം (ഭരണ കർത്തവ്യം) സംരക്ഷിക്കപ്പെടാൻ രാഷ്ട്രപതിയുടെ അധികാരം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്തെത്തിയിരുന്നു.

കോൺഗ്രസിൽനിന്ന് തങ്ങൾക്ക് രാജധർമം പഠിക്കേണ്ടതില്ല. രാജധർമത്തെ കുറിച്ച് സോണിയ ഗാന്ധി സദാചാര പ്രസംഗം നടത്തരുത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് കോൺഗ്രസുകാരെന്നുമാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. ഇതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി അമിത് ഷായും രംഗത്തെത്തി. ഡൽഹി കലാപത്തിന് കാരണക്കാർ കോൺഗ്രസടക്കമുള്ള പ്രതിപക്ഷപാർട്ടികളാണെന്നും സത്യത്തിന് വേണ്ടി പോരാടാൻ മോദി സർക്കാരിന് ഒരു മടിയുമില്ലെന്നും അമിത് ഷായും പറഞ്ഞു.

ഇരുകക്ഷികളും തമ്മിലുള്ള രാജധർമ്മ പോര് മുറുകിയിരിക്കുമ്പോഴാണ് അടൽ ബിഹാരി വാജ്പേയ് പറഞ്ഞിട്ട് കേൾക്കാത്ത മോദിയാണോ കോൺഗ്രസുകാർ പറഞ്ഞാൽ കേൾക്കുകയെന്ന പരിഹാസവുമായി രംഗത്തെത്തിയത്.

When you did not listen to Vajpayeeji in Gujarat why would Modi listen to us: Kapil Sibal