‘ഗോലി മാരോ… സാലോം കോ’; അമിത് ഷായുടെ റാലിയില്‍ വീണ്ടും വിദ്വേഷ മുദ്രാവക്യം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ വീണ്ടും ‘ഗോലി മാരോ’ (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം. ഞായറാഴ്ച, അമിത് ഷായുടെ റാലി നടന്ന കൊല്‍ക്കത്തയിലെ ഷാഹിദ് മിനാര്‍ മൈതാനത്തേക്ക് ബിജെപി കൊടികളുമായി പോയവരാണ് വിവാദമായ മുദ്രാവാക്യം മുഴക്കിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ റാലിക്കിടെ ഉണ്ടായ സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ കൊല്‍ക്കത്ത പോലീസ് തയാറായില്ല. അതേ സമയം നഗരത്തില്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ‘ഗോലി മാരോ’ പ്രയോഗം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഗോലി മാരോ പ്രയോഗങ്ങളും വിദ്വേഷ പ്രസംഗങ്ങളുമാണ് ഡല്‍ഹി സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്.

പ്രസംഗത്തിനിടെ ദേശ് കി ഗദ്ദാറോം കോ (രാജ്യത്തെ ഒറ്റുകാരെ).. എന്ന് കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വിളിച്ചുപറയുകയും ഗോലി മാരോ സാലോം കോ (വെടിവച്ചു കൊല്ലണം അവറ്റകളെ) എന്ന് ജനക്കൂട്ടം വിളിക്കുകയുമായിരുന്നു. 45 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി സംഘര്‍ഷത്തിന്റെ മുറിവുണങ്ങും മുന്‍പാണ് വീണ്ടും വിദ്വേഷ മുദ്രാവാക്യങ്ങള്‍.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913