ക്യാന്‍സറിന് മാത്രമല്ല, കൊറോണയ്ക്കും ചാണകം മരുന്ന് ആണെന്ന് ബി.ജെ.പി എം.എല്‍.എ നിയമസഭയിൽ

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചാണകത്തിന് ശേഷിയുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയ നിയമസഭയിൽ. ക്യാന്‍സറിനെ മാത്രമല്ല കൊറോണയെ പ്രതിരോധിക്കാനും ചാണകത്തിന് ശേഷിയുണ്ടെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ അവകാശവാദം. അസമിലെ ബി.ജെ.പി എം.എല്‍.എയാണ് സുമന്‍.

ചാണകം, ഗോമൂത്രം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോള്‍ പുറത്തുവിടുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാന്‍ ചാണകം ഉത്തമമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു – എം.എല്‍.എ അസം നിയമസഭയില്‍ പറഞ്ഞു.

ശാസ്ത്രീയമായ കാരണങ്ങള്‍ കൊണ്ടാണ് മതപരമായ ചടങ്ങുകള്‍ക്ക ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നതെന്ന് എം.എല്‍.എ അവകാശപ്പെട്ടു. ഗുജാറാത്തിലെ ആശുപത്രികളില്‍ രോഗികള്‍ക്ക് ചാണകവും ഗോമുത്രവും ചേര്‍ത്ത് തയ്യാറാക്കിയ പഞ്ചാമൃതം നല്‍കാറുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാനും ചാണകവും ഗോമൂത്രവും നല്ല മരുന്നാണ്.

ചാണകവും ഗോമൂത്രവും കഴിച്ച് പലരുടെയും രോഗം ഭേദമായിട്ടുണ്ട്. അതുകൊണ്ടാണ് പഴയ ആളുകള്‍ പശുവിനെ ആരാധിച്ചത്. പശു ഞങ്ങള്‍ക്ക് തരുന്ന എല്ലാം പ്രധാനമാണ്. മതപരമായ ആചാരങ്ങള്‍ക്ക് മുനിമാരും സന്യാസിമാരും തുളസിയില ഉപയോഗിച്ചിരുന്നു. തുളസിയില പ്രമേഹം മാറ്റുമെന്നും എം.എല്‍.എ പറഞ്ഞു.

മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബിജോയ ചക്രവര്‍ത്തിയുടെ മകളാണ് സുമന്‍. ആദ്യമായാണ് എം.എല്‍.എ ആകുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് ചലച്ചിത്ര നടിയായിരുന്നു.പശുക്കടത്തുമായി ബന്ധപ്പെട്ട നിയമസഭാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.സുമന്‍.