ചെറിയൊരു ആസൂത്രണ പിശക് മൂലം വിശുദ്ധനാകേണ്ടിയിരുന്ന ഒരാളെ പുറത്താക്കേണ്ടിവന്ന സഭ

ലിബി.സി.എസ്

“വികാരിയല്ല മോളേ തെറ്റുകാരി. അദ്ദേഹം ഈശോയുടെ തിരുഹൃദയത്തോട് ചേർന്നു നിൽക്കുന്ന വിശുദ്ധനാണ്. നിന്റെ ശരീരം പാപപങ്കിലമാണ്. നിന്റെ പാപചിന്തകളും പാപംനിറഞ്ഞ ശരീരവുമാണ് വിശുദ്ധനായ പുരോഹിതനെ കളങ്കപ്പെടുത്തിയത്.” (2017 മാർച്ച് 2 സൺഡേ ശാലോം)

“നീയാണ് തെറ്റു ചെയ്തത് മോളേ. നീയാണ് പാപത്തിൽ വീണത്. നീയാണ് പുരോഹിതനേയും പാപത്തിൽ അകപ്പെടുത്തിയത്. പാപത്തിന്റെ ശമ്പളം മരണമാണ് മോളേ. ഈശോയുടെ സന്നിധിയിൽ നീ വിധിക്കപ്പെടും. പുരോഹിതനുണ്ടായ കളങ്കത്തിന്റെ ശിക്ഷ നീ ആദ്യം അനുഭവിക്കേണ്ടി വരും. ഈശോയേ എന്നോട് പൊറുക്കണേ എന്ന് നിലവിളിച്ച് യാചിക്ക്. ചിലപ്പോൾ കാരുണ്യവാനായ ദൈവം നിന്നോട് പൊറുക്കും. തിരുസഭക്ക് നീ മൂലം ഉണ്ടായ കളങ്കം എത്ര വലുതാണ് മോളേ. നിന്നോട് സഹതാപമല്ല തോന്നുന്നത്. നീയാണ് പാപം ചെയ്തത്. നീയാണ് ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടിയിരുന്നത്.”

കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പതിനാറുകാരിയെ അധിക്ഷേപിച്ച് കത്തോലിക്കാ സഭയുടെ ഔദ്യോഗിക മാഗസിനായ സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച ‘വൈദികന് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍’ എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിൽനിന്നുമാണ് ഇത്.

‘മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?. വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്, പ്രലോഭനങ്ങള്‍ സംഭവിക്കാവുന്നതാണ്. സ്‌നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തികൂടായിരുന്നോ?’ എന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.

സൺഡേ ശാലേം എഴുതിയതുപോലുളള ഇത്തരം ഉപദേശങ്ങൾ കൊണ്ടാണ് വിശ്വാസി സമൂഹത്തെ എന്നും പൗരോഹിത മതങ്ങൾ തങ്ങളുടെ ഇച്ഛക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്തത്. അതുകൊണ്ട് സണ്‍ഡേ ശാലേമിന്റെ എഡിറ്റോറിയൽ വായിച്ചു ആരും അദ്ഭുതപ്പെടെണ്ടതില്ല. ഇതൊക്കെത്തന്നെയാണ് എല്ലാ പള്ളിപ്രസംഗങ്ങളിലും ഫ്രാങ്കയോളികളും മറ്റുവികാരി ന്യായീകരണ വാഴപ്പിണ്ടികളും ചെയ്തുകൊണ്ടിരിക്കുന്നത്.

പുരോഹിതരുടേയും സഭാസ്നേഹികളുടേയും ഇപ്പോഴത്തെ മെയിൻ ഡയലോഗ് ചെറിയൊരുവിഭാഗം ചെയ്യുന്ന തെറ്റിന്റെ പേരിൽ ബഹുപൂരിപക്ഷം വരുന്ന വെള്ള നൈറ്റിരായ നല്ല തങ്കപ്പെട്ട വിഷപ്പന്മാരെയും വികാരിമാരെയും കന്യാസ്ത്രീമാരെയും അധിക്ഷേപിക്കുന്നതെന്തിനാണെന്നാണ്! വാസ്തവത്തിൽ ശുദ്ധ അസംബന്ധമാണ് ഈ ചോദ്യം. നേരെതിരിച്ചാണ് ഇത്.വളരെ ചെറിയൊരു വിഭാഗം നല്ലമനുഷ്യരും ബഹുപൂ രിപക്ഷം നൈറ്റിക്കാരും (ആണും പെണ്ണും) പക്കാ പോക്കിരികളും ഉഡായിപ്പുകാരും ക്രിമിനലുകളുമാണ്. പൂരിപക്ഷം ആളുകളും നല്ലവരെങ്കിൽ ഈ പോക്കിരിത്തരങ്ങൾ എന്നേ ചോദ്യം ചെയ്യപ്പെടുമായിരുന്നു? പോക്കിരിത്തരങ്ങളെ ഏതു നല്ലവനാണ് ന്യായീകരിക്കാനും ഒതുക്കിതീർക്കാനും പ്രതികരിക്കുന്ന ഇരകളെ വേട്ടയാടുവാനും ശ്രമിക്കുക? ചെറിയൊരു വിഭാഗം നല്ലവർ വെള്ള നൈറ്റിക്കാരിൽ മാത്രമല്ല സമൂഹത്തിൻറെ എല്ലാത്തുറകളിലുമുണ്ട്. വെള്ള നൈറ്റിക്കാരായ വിഷപ്പാന്മാരും വികാരിമാരും കന്യാസ്ത്രീമാരുമെല്ലാം പോക്കിരിത്തരങ്ങൾ പരസ്പരം കോമ്പന്സേറ്റ് ചെയ്താണ് ഐക്യമുന്നണിയായി കത്തോലിക്കാസഭയെന്ന ഈ മാഫിയാസംഘത്തിൽ നിലനിൽക്കുന്നത്. വിശ്വാസികൾ വാഴപ്പിണ്ടികളായതിനാൽ അവർ സുരക്ഷിതരുമാണ്.

ഫാദർ റോബിൻറെ പോക്കിരിത്തരം മറയ്ക്കാനും കൊച്ചിനെവരെ മാറ്റിക്കളയാനും അച്ചൻമാരും കന്യാസ്ത്രീമാരും കൂടി ശ്രമിച്ച് പൊലീസിൻറെ ചട്ടിയിലായില്ലായിരുന്നെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്തി നിരപരാധിയായി റോബിൻ സഹനദാസൻ ആയിമാറുമായിരുന്നു. അവസാനം 60 വർഷം ശിക്ഷിക്കപ്പെട്ട ഒരാളെ (ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന ഔദാര്യത്തിൽ 20 വര്ഷമാക്കിക്കിട്ടിയ) പുറത്താക്കി പോപ്പ് മഹാനാകാൻ ശ്രമിക്കുമ്പോൾ പൊലീസ്‌ വയനാട്ടിലെത്താൻ ആൽപ സമയം സമയം വൈകിയിരുന്നെങ്കിൽ ഇതേ പോപ്പ് ഇയാളെ വിശുദ്ധനായി പ്രഖ്യാപിക്കുമായിരുന്നു എന്നും മറന്നുപോകരുത്. അതിനായി കാട്ടിക്കൂട്ടിയ തെണ്ടിത്തരങ്ങളെല്ലാം നാം നേരിൽ കണ്ടതാണ്.

മറ്റൊരു കാര്യം ഈ കന്യാസ്ത്രീമാരൊക്ക വിശുദ്ധരാണെന്നും അച്ചന്മാരാണ് പോക്കിരികളെന്നും ഉള്ള ഒരു ധാരണയുണ്ട്. അതും ശരിയല്ല.ചെറിയൊരു വിഭാഗം കന്യാസ്ത്രീകളൊഴികെ ബാക്കിയെല്ലാം ക്രിമിനലുകളും ഈ മാഫിയാ സംഘത്തിലെ കണ്ണികളുമാണ്.ഞാൻ മഠം ചാടിയ കുഞ്ഞാടാണ്. ഞാൻ കളമശേരിയിലെ ഒരുകോൺവെന്റിലായിരുന്നു.എന്നോടൊപ്പം അന്നുണ്ടായിരുന്ന എല്ലാവരും വീട്ടിലെദാരിദ്ര്യം കൊണ്ടും തന്തമാരുടെ ഉത്തരവാദിത്വമില്ലായ്മ കൊണ്ടും അവിടെ എത്തിപ്പെട്ടവരാണ്. പ്രായപൂർത്തിയാകാത്ത പ്രായത്തിൽ അവിടെ എത്തിപ്പെടുന്നു എന്ന ഒരു പരിഗണനയ്ക്കപ്പുറം അവിടെത്തിയ ശേഷം ഈ മാഫിയ സംഘത്തിൻറെ ഭാഗമായി മാറുകയാണ് അവർ.

എല്ലാ വിധ കുശുമ്പും കുത്തിത്തരിപ്പും ഏഷണിയും ഗ്രൂപ്പുകളിയും എല്ലാം അവിടെയുണ്ട്.അവർ വരിവരിയായി വന്ന് സ്വന്തം റൂം മേറ്റിനെ കൊന്നാലും പീഡിപ്പിച്ചാലും മൊഴി മാറ്റിപ്പറയുന്നതും. പീഡനവീരൻമാർക്ക് സ്വീകരണം ഒരുക്കുന്നതും പാവാടകീഴിൽ അഭയം നൽകുന്നതും ദിവ്യഗർഭ സന്തതിയെ മാറ്റിയെടുക്കാൻ പാതിരാത്രി സ്വയം ഡ്രൈവ് ചെയ്ത് ചുരം കയറിപോകുന്നതും പീഡനകേസിൽ സാക്ഷിപറഞ്ഞ ഷുഗർപേഷ്യന്റായ പ്രായം ചെന്ന കന്യാസ്ത്രീയ്ക്ക് ചപ്പാത്തി കൊടുക്കുന്നത് നിർത്തി സ്ഥിരമായി പഴങ്കഞ്ഞി കൊടുത്ത് കൊല്ലാൻ ശ്രമിക്കുന്നതുമൊക്കെ അവരെല്ലാം നിഷ്കളങ്കരായതുകൊണ്ടാണോ? അവർ ഒരുമിച്ച് ഇരകൾക്കൊപ്പം നിലകൊണ്ടാൽ സഭ നേരെയാകുമെന്നും അവർക്കറിയാഞ്ഞിട്ടല്ല. അവരിലും ബഹുപൂരിപക്ഷം പിഴകളായതുകൊണ്ടാണ് പോക്കിരിത്തരത്തിന് കൂട്ട് നിൽക്കുന്നത്.അല്ലാതെ ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊക്കെ ഗ്രൂപ്പ്കളിയും കുത്തിത്തിരിപ്പുമൊക്കെ അവർക്ക് വശമുണ്ട്. എല്ലാകോൺഗ്രിഗേഷന്റെയും പിന്നിൽ ചില അച്ചന്മാരും അതിൻറെ തലപ്പത്തുള്ളവർ അവരുടെ അസ്മാദിമാരായ കന്യാസ്ത്രീമാരുമാണ്. നമ്മുടെയൊക്കെ അയൽക്കാരായ ശത്രുക്കളായവർ പോലും ഒരാൾ മരിച്ചാൽ സാക്ഷിപറയുമെന്നിരിക്കെ സ്വന്തം റൂം മേറ്റിനെ കൊന്ന് കിണറ്റിൽത്തള്ളിയാലും ബലാത്സംഗം ചെയ്താലും മൊഴിമാറ്റിപ്പറയുന്നവർ വെറും നിഷ്കളങ്കരായി കരുത്താനാവുമോ? വാസ്തവത്തിൽ കത്തോലിക്കാസഭയെന്നു പറയുന്നത് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും എതിരായ മനുഷ്യനെ അന്ധവിശ്വാസത്തിൻറെ അടിമകളാക്കി വെറും വാഴപ്പിണ്ടികളാക്കി പരിവർത്തിപ്പിക്കുന്ന ഒരു സാമൂഹ്യവിപത്താണ്. അത് എത്രയൊക്കെ മറച്ചുവെച്ചാലും സ്വയം വെളിവാക്കപ്പെടുകതന്നെ ചെയ്‌യും.

അതുകൊണ്ട് വെള്ള നൈറ്റിക്കാരെ പോയി വല്ല ജോലിചെയ്ത് ജീവിക്കാൻ നോക്കൂ…! നിങ്ങൾ പ്രസംഗിക്കുന്ന ദൈവസന്നിധിയിൽ നിങ്ങളെ ഒരുപക്ഷേ വിശുദ്ധരായി നിലനിർത്തിയേക്കാം. പക്ഷേ എല്ലാക്കാലത്തും പാപത്തിന്റെ പേര് പറഞ്ഞുളള ചൂഷണം ജനങ്ങൾ അനുവദിച്ച് തന്നെന്നിരിക്കില്ല. ഇത്തരം വേലത്തരങ്ങളുമായിറങ്ങിയാൽ നിങ്ങളെ വിശുദ്ധരായി നിലനിർത്തുന്ന ദൈവസന്നിധിയിൽ നിങ്ങളെ വേഗം എത്തിക്കുവാൻ വിശ്വാസികൾ പ്രേരിപ്പിക്കപ്പെട്ടാൽ തെറ്റുപറയാനാവില്ല.