ഇംഗ്ലീഷ് മീഡിയം പെട്ടിക്കട: നാളെ മുതലുള്ള പരീക്ഷകള്‍ എഴുതാൻ ഉപാധികളോടെ അനുമതി

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആരുടേയും അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അനധികൃത ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിൽ ഒന്നായ തോപ്പുംപടി അരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. പരീക്ഷ എഴുതാന്‍ ഉപാധികളോടെ അനുമതിയായിട്ടുള്ള വിവരം സിബിഐസ്ഇ ഹൈക്കോടതിയെ അറിയിച്ചു. നാളെ മുതലുള്ള പരീക്ഷകള്‍ എഴുതാനാണ് അനുമതിയായിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സിബിഎസ്ഇ ഹൈക്കോടതിയില്‍ ആരോപിച്ചു. അരൂജ സ്‌കൂളിന് സിബിഎസ്ഇ നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ നിസ്സഹായവസ്ഥ മനസിലാക്കിയാണ് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.

നിലവിലെ തീരുമാനം അനുസരിച്ച് മാര്‍ച്ച് 4,14,18 തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ കഴിയുക. പരീക്ഷ എഴുതിയാലും അത് കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.