വീട്ടമ്മയുടെ ആത്മഹത്യ; വെളിച്ചപ്പാട് ശ്രീകാന്ത് അറസ്റ്റിൽ

തൃശൂരിൽ ഭഗവതി ദേഹത്ത് കയറിയതായി അഭിനയിച്ച് പ്രവചനം നടത്തിയ വ്യക്തിഹത്യയിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിച്ചപ്പാട് ശ്രീകാന്ത് അറസ്റ്റിൽ. അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച യുവതിയുടെ ഭർത്താവിന്റെയും സഹോദരൻറെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മണലൂർ സ്വദേശിനി ശ്യാംഭവിക്ക് പാലാഴിയിലെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദുരനുഭവമുണ്ടായത്. യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും ദേവിക്ക് മുന്നിൽ തെറ്റ് ഏറ്റ് പറഞ്ഞ് പരസ്യമായി മാപ്പ് പറയണമെന്നും കോമരം തുള്ളിയ ശ്രീകാന്ത് അവിടെ കൂടി നിന്ന ആളുകൾക്ക് മുന്നിൽവച്ച് വിളിച്ചു പറഞ്ഞു. ഇതിൽ മനംനൊന്താണ് ശ്യാംഭവി ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ശ്രീകാന്തിനും സുഹൃത്തിനുമെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് യുവതിയുടെ ഭർത്താവും സഹോദരനും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്തിക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോമരം തുള്ളിയ ശ്രീകാന്തിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.