മാർച്ച് 4: ശബ്ദതാരാവലിയുടെ രചയിതാവ്, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ ഓർമ്മദിനം

സുരേഷ്. സി.ആർ

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. ശ്രീകണ്ഠേശ്വരം എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.

32-മതു വയസ്സിലാണ് അദ്ദേഹം ശബ്‌ദതാരാവലി എഴുതിത്തുടങ്ങിയത്. 1918ൽ മാസികാരൂപത്തിലാണ് ഈ കൃതിയുടെ ആദ്യഭാഗങ്ങൾ പുറത്തിറങ്ങിയത്. 1923-ൽ ഒന്നാമത്തെ പതിപ്പ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1600 – ഓളം പേജുകളുള്ള ഈ കൃതിയുടെ ഒരു ചുരുക്കിയ പതിപ്പ് പിന്നീട് അദ്ദേഹത്തിന്റെ മകൻ പി. ദാമോദരപ്പിള്ള പുറത്തിറക്കുകയുണ്ടായി. കേരളവർമ്മ വലിയകോയിതമ്പുരാൻ‍‌, എ.ആർ. രാജരാജവർമ്മത്തമ്പുരാൻ‌ എന്നിവരുടെ പ്രോത്സാഹനത്തിൽ എഴുതിത്തുടങ്ങിയ ഈ കൃതി മലയാളഭാഷയുടെ എക്കാലത്തേയും മുതൽ‌ക്കൂട്ടായി കണക്കാക്കുന്നു. മലയാളഭാഷയ്ക്ക് നൽകിയ ഈ മഹത്തായ സേവനത്തെ പ്രകീർത്തിച്ച് ശ്രീമൂലം തിരുനാൾ ഇദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ചു.

കറതീർന്ന നിഘണ്ടുവല്ല ‘ശബ്ദതാരാവലി’. നിഘണ്ടു നിർമാണത്തിന്റെ ആധുനിക തത്ത്വങ്ങളും ആധുനിക ഭാഷാ ശാസ്ത്ര സങ്കല്പങ്ങളുമൊന്നും രൂപപ്പെടാത്ത കാലത്ത്‌ ഒരാൾ ഒറ്റയ്ക്കു നടത്തുന്ന പരിശ്രമത്തിൽ സാധ്യമാകാവുന്നതത്രയും ശ്രീകണ്ഠേശ്വരം ചെയ്തു. ഹെർമൻ ഗുണ്ടർട്ടിനെപ്പോലുള്ള വിദേശികളെഴുതിയ നിഘണ്ടുക്കൾ മാത്രം മലയാളത്തിലുണ്ടായിരുന്ന കാലത്താണ്‌ അദ്ദേഹം ആ മഹാകർമം നിർവഹിച്ചത്‌. ഇന്നും സാമാന്യ മലയാളിക്ക്‌ ആശ്രയിക്കാൻ ആ ‘ഭഗീരഥപ്രയത്നം’ മാത്രമേയുള്ളൂ.

പദക്രമീകരണങ്ങളിലും അർത്ഥവിവരണങ്ങളിലും ഗുണ്ടർട്ട് കാണിച്ചുതന്ന ഉത്തമമാതൃക ശബ്ദതാരാവലിയിൽ അനുവർത്തിച്ചിട്ടില്ലെങ്കിലും ആദ്യത്തെ സമ്പൂർണ്ണമലയാളനിഘണ്ടുവായി പരിഗണിക്കപ്പെടുന്നതു് ശബ്ദതാരാവലി തന്നെയാണ്.

തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്ഠേശ്വരത്ത് ജനിച്ചു. തുള്ളൽ‌, ആട്ടക്കഥ, കഥകളി മുതലായ കാവ്യകലകളിലുള്ള അമിതാവേശം ചെറുപ്രായത്തിൽ‌ തന്നെ പത്മനാഭപിള്ളയ്‌ക്കുണ്ടായിരുന്നു. ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളൽ‌ കഥകളും ആട്ടക്കഥകളുമായിരുന്നു.

ബാലിവിജയം, കീചകവധം (തുള്ളൽ‌), ധർമ്മഗുപ്ത വിജയം, സുന്ദോപസുന്ദ യുദ്ധം (ആട്ടക്കഥ), കനകലതാ സ്വയംവരം, പാണ്ഡവവിജയം (നാടകം), മദന കാമചരിതം (സംഗീത നാടകം), ഹരിശ്ചന്ദ്ര ചരിതം (കിളിപ്പാട്ട്), കേരളവർമ ചരിതം, കുഞ്ചൻ നമ്പ്യാർ, കാളിയമർദ്ദനം, ലക്ഷ്‌മി രാജ്ഞി, മലയാളവ്യാകരണ ചോദ്യോത്തരം, വിജ്ഞാനരത്നാവലി തുടങ്ങി 60-ലേറെ കൃതികൾ രചിച്ചിട്ടുണ്ട്. മരണസമയത്ത്‌ സാഹിത്യാഭരണം, ഇം‌ഗ്ലീഷ് – മലയാളം ഡിക്ഷണറി എന്നീ രണ്ടു നിഘണ്ടുക്കളുടെ പണിപ്പുരയിലായിരുന്നു.

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് ശബ്ദതാരാവലി നിർമ്മാണം നഷ്ടക്കച്ചവടമായിരുന്നു 1864-ൽ ജനിച്ച അദ്ദേഹം 1946-ൽ മരിക്കുന്നതിനിടയിൽ ‘ശബ്ദതാരാവലി’യുടെ മൂന്നു പതിപ്പുകൾ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. പിന്നീട്‌ എത്രയോ പതിപ്പുകളുണ്ടായി. പലതും എഡിറ്റ്‌ ചെയ്തു പരിഷ്കരിക്കപ്പെട്ടവ. ശ്രീകണ്ഠേശ്വരം തയ്യാറാക്കിയ ‘ശബ്ദതാരാവലി’ക്കുണ്ടായിരുന്ന വിജ്ഞാനകോശ സ്വഭാവം ഒഴിവാക്കിയാണ്‌ പിൽക്കാലപ്പതിപ്പുകൾ ഉണ്ടായത്‌. ശ്രീകണ്ഠേശ്വരത്തിന്‌ ശബ്ദതാരാവലീനിർമാണം നഷ്ടക്കച്ചവടമായിരുന്നെങ്കിലും പിൽക്കാല പ്രസാധകർ അതിൽനിന്നു ലാഭം കൊയ്തു.

ഗ്രന്ഥകാരൻ മരിച്ച്‌ അറുപതുവർഷം പൂർത്തിയായതിനാൽ പകർപ്പവകാശ കാലാവധി കഴിഞ്ഞ ‘ശബ്ദതാരാവലി’ക്ക്‌ ഇപ്പോഴും പരിഷ്കരിച്ചതും അല്ലാത്തതുമായ പതിപ്പുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ‘ശബ്ദതാരാവലി’ മറിച്ചു നോക്കാതെ മലയാളിക്ക്‌ ഒരുദിവസവും താണ്ടാനാവില്ലെങ്കിലും അദ്ദേഹത്തിനു നാം വലുതായൊന്നും തിരിച്ചുകൊടുത്തിട്ടില്ല. വാക്കിന്റെ ഉപാസകനായ ശ്രീകണ്ഠേശ്വരത്തിന്റെ പേരിൽ പുരസ്കാരകങ്ങളോ സ്മാരകമന്ദിരങ്ങളോ, സർവകലാശാലാ ചെയറുകളോ ഒന്നുമില്ല; എന്തിന്‌, അദ്ദേഹത്തിന്റെ ഒരു പ്രതിമ പോലുമില്ല!