ഡല്‍ഹിയിൽ ബിജെപിക്കാര്‍ക്കെതിരെ കേസെടുക്കാന്‍ എന്താണ് തടസ്സം; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഡല്‍ഹിയെ കലാപത്തിലേക്ക് നയിക്കാന്‍ കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചിരിക്കുന്നത്.

കേസ് അനന്തമായി നീട്ടിവെച്ച ഡല്‍ഹി ഹൈക്കോടതിയുടെ നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുക്കണമെന്നും അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 13 വരെ മാറ്റിവച്ചതിനെ വിമര്‍ശിച്ച സുപ്രീം കോടതി. ഒരു മാസത്തേക്ക് മാറ്റിവയ്ക്കുന്നത് നീതികരിക്കാന്‍ കഴിയാത്തതാണെന്ന് പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശവും നല്‍കി. മാര്‍ച്ച് ആറിന് ഹര്‍ജികള്‍ പരിഗണിക്കാനാണ് നിര്‍ദേശം.

ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം. ജസ്റ്റീസുമാരായ ബി.ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരും ഉള്‍പ്പെട്ടതാണ് ബെഞ്ച്. ഹര്‍ജി പിടിച്ചുവച്ചിരിക്കുന്നതിന്റെ ഉത്തരവാദിത്തം ഏല്‍ക്കാനാവില്ല. ഈ വിഷയത്തിലെ ബന്ധപ്പെട്ട എല്ലാ കേസുകളും താമസമില്ലാത്തെ പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 47 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. 600 ഓളം പേരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.

എന്നാല്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഉചിതമായ സമയമല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. 7000 ഓളം വീഡിയോ സര്‍ക്കാരിന് ലഭിച്ചു. ഇപ്പോള്‍ സാഹചര്യം ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സ്ഥിതിഗതികള്‍ അനുകൂലമാകുമ്പോള്‍ പരിഗണിക്കുമെന്നും മേത്ത പറഞ്ഞിരുന്നു.

എന്നാല്‍ കോടതി ഉത്തരവുകൊണ്ട് സംഘര്‍ഷം തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ മറുപടി. നിലവില്‍ സംഘര്‍ഷ സാധ്യതയില്ലെന്നും പ്രധാനികളെല്ലാം അറസ്റ്റിലായി കഴിഞ്ഞുവെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.