ദേവനന്ദയുടെ മരണം; സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് അന്വേഷണ സംഘം

കൊല്ലം സ്വദേശി ദേവനന്ദയെന്ന ഏഴു വയസ്സുകാരിയുടെ മരണത്തില്‍ സംശയകരമായ ഒന്നും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായില്ല. കുട്ടി മുങ്ങിമരിച്ചതാണെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം എത്തിച്ചേരുന്നതെന്ന് സംഘത്തിന്റെ മേധാവിയായ ചാത്തന്നൂര്‍ എ സി പി. ജോര്‍ജ് കോശി പറഞ്ഞു. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതോടെ ഫോറന്‍സിക് സംഘം സംഭവസ്ഥലത്തും ദേവനന്ദയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ അന്വേഷണം നടത്തുക.

നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും സംശയകരമായ കാര്യങ്ങളൊന്നും വെളിപ്പെട്ടിട്ടില്ലെന്ന് ജോര്‍ജ് കോശി വ്യക്തമാക്കി. ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് പോലീസിന് കൊടുത്ത മൊഴിയില്‍ പറഞ്ഞിരുന്നു. മരണ ദിവസം രാവിലെ കുട്ടി ഒറ്റക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും മൊഴി നല്‍കിയിട്ടുണ്ട്. കുട്ടി ഒറ്റയ്ക്ക് ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും ആദ്യം പറഞ്ഞത്. പിന്നീട് അത് മുത്തച്ഛൻ തിരുത്തി പറഞ്ഞിരുന്നു. കുട്ടിയുടെ ബന്ധുക്കൾ പോലീസിനോട് പറയുന്ന മൊഴികൾ പലതും പരസ്പര വിരുദ്ധമാണ്.

അടുത്ത ക്ഷേത്രത്തിൽ സപ്താഹം നടക്കുന്നുണ്ട് അവിടെ പോയതാകുമെന്ന് പറഞ്ഞിരുന്നവർ പിന്നീട് ക്ഷേത്രത്തെ ചിത്രത്തിൽനിന്നും ഒഴിവാക്കിയെങ്കിലും കുട്ടിയിൽ ചില അദൃശ്യശക്തി വരെ ആരോപിച്ച് അതെല്ലാം പ്രചരിപ്പിച്ച് അന്ധവിശ്വാസപ്രചരണങ്ങൾ മാധ്യമങ്ങൾ വരെ ഏറ്റെടുത്തിരുന്നു. നാട്ടുകാർ പറയുന്ന അഭ്യൂഹങ്ങൾക്കനുസരിച്ച് ഏഴുവയസുള്ള കുട്ടിയുടെ ഫോട്ടയും സെന്റിമെൻറ്സും വിറ്റഴിച്ച് മാധ്യമങ്ങൾ കഥകൾ മെനഞ്ഞുവിടുന്ന തിരക്കിലാണ്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലും രണ്ടാഴ്ചമുമ്പ് ഒരുകുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നെങ്കിലും അവിടേക്ക് മാധ്യമങ്ങളാരും തിരിഞ്ഞു നോക്കിയില്ല.

‘ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയമായ തുടര്‍ അന്വേഷണം നടത്തും. പ്രചരിപ്പിക്കപ്പെടുന്ന അഭ്യൂഹങ്ങളും കെട്ടുകഥകളും പോലീസിന്റേതല്ലെന്നും സംശയകരമായ കാര്യങ്ങളൊന്നും ഇതുവരെ വെളിപ്പെട്ടിട്ടില്ലെന്നും’ എ സി പി.വ്യക്തമാക്കി.