കൊറോണ: ഉംറ തീർത്ഥാടനം നിറുത്തി വച്ചു,​ മക്ക മദീന സന്ദർശനത്തിന് വിലക്ക്

കൊറോണ ഭീതിയെതുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി ഉറം തീർത്ഥാടനം നിറുത്തിവയ്ക്കാൻ സൗദി അറേബ്യയുടെ തീരുമാനം. സൗദി അറേബ്യയിലെ പൗരന്മാർക്കും ഇവിടെയുള്ള വിദേശികൾക്കും ഉൾപ്പെടെയാണ് ഉംറ തീർത്ഥാടനം നിറുത്തിവയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.

കോവിഡ് 19 വൈറസ് പ്രതിരോധത്തി​​ന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആർക്കും ഉംറക്ക് പ്രവേശനം ഉണ്ടാകില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് സൗദി അറേബ്യയിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് 19 വൈറസ് ബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയത് സ്ഥിരീകരിച്ചത്. അതോടെ രാജ്യം മുഴുവൻ കർശന നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി.