ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട കണ്ണൂർ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് യുവാക്കൾ അറസ്റ്റില്‍

ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് യുവാക്കൾ അറസ്റ്റില്‍. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച മൂര്യാട് സ്വദേശി പ്രമില്‍ ലാൽ (20) ആണ് ആദ്യം പോലീസിന്റെ പിടിയിലായത്. കോവളത്തെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ടിക്‌ടോക് വീഡിയോ ചിത്രീകരിക്കുന്നതിനുള്ള പരിശീലനം നല്‍കാനെന്ന വ്യാജേന തിരുവനന്തപുരത്തും മൂന്നാറിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പ്രമില്‍ ലാൽ മുന്‍പും പോക്‌സോ കേസില്‍ പിടിയിലായിട്ടുണ്ട്.

ക്യാമ്പിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ രണ്ട് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലും ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി നാട്ടിലെത്തുന്നുണ്ടെന്ന് തലശ്ശേരി ഡിവൈ.എസ്.പിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന്, കൂത്തുപറമ്പ് സി.ഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ടിക്‌ടോക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ലിജില്‍ എന്ന മറ്റൊരാളും ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇയാളെയും ഇയാളുടെ സുഹൃത്തായ സന്തോഷ് എന്നയാളെയും പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ലിജിലിന്റെ അടുത്ത് പെണ്‍കുട്ടിയെ എത്തിച്ചതിനാണ് സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.