വയനാട്ടിൽ രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അധ്യാപികയും കാമുകനും അറസ്റ്റിലായി

വയനാട് കമ്പളക്കാട്ടിൽ നിന്നും കാമുകനൊപ്പം രണ്ട് മക്കളെ ഉപേക്ഷിച്ച് പോയ അധ്യാപികയെയും കാമുകനെയും അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ അജോഷിനൊപ്പം ഇവര്‍ വായനാട്ടിൽത്തന്നെ സുല്‍ത്താന്‍ ബത്തേരിയിലേക്കാണ് കടന്ന് കളഞ്ഞത്.

മുട്ടില്‍ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്യുന്ന യുവതിയാണ് നാലരയും ഒന്നരയും വയസുള്ള രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയത്.

യുവതിയുടെ പിതാവാണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം ഇന്നലെ ഇരുവരെയും ബത്തേരിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകള്‍ ചേര്‍ത്തും കാമുകനെതിരെ പ്രേരണ കുറ്റത്തിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.