അറിയുമോ നിങ്ങൾ ഈ കുന്തക്കാരനെ ?

മറവിയിലായിപ്പോയ ഈ ചരിത്രം ചികഞ്ഞെടുക്കാന്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ ഒരുപാട് അലഞ്ഞു. പത്രോസിന്റെ സമകാലീനരായ പലരും യദുകുലകുമാറിന്റെ അന്വേഷണത്തോട് സഹകരിക്കാതെ വിട്ടുനിന്നു, ചിലര്‍ മൗനം പാലിച്ചു, ചിലര്‍ ആട്ടിയോടിച്ചു. കേരളത്തിലെ ആസ്ഥാന ചരിത്രകാരന്മാരും ഇടത് പക്ഷ നേതാക്കളും ചരിത്രത്തിൻ്റെ പിന്നാമ്പുറത്ത് കെട്ടിയിട്ട രണ്ട് ധീരന്മാരെ കുറിച്ച് പുസ്തകമെഴുതിയ വ്യത്യസ്തനായ ചരിത്രകാരനാണ് യദുകുല കുമാർ. കെ വി പത്രോസിൻ്റെ ചരിത്രത്തിന് പുറമെ സർ.സിപിയെ വധിക്കാൻ ശ്രമിച്ച കെ. സി. എസ് മണിയെക്കുറിച്ചും ഒരു പുസ്തകമെഴുതിയിട്ടുണ്ട്.

റോയി മാത്യു

ഇന്ന് മാര്‍ച്ച്: 9 കേരളത്തിലെ സവർണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തി ഒഴിവാക്കിയ കെ.വി പത്രോസിന്റെ നാല്‍പതാം ചരമ വാര്‍ഷിക ദിനം!

‘തൊഴിലാളി വർഗത്തിൽ നിന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന നേതൃത്വത്തിലേക്കുയർന്ന കെ.വി. പത്രോസ് 1980 മാർച്ച് 9- ന് രാവിലെ ഒമ്പതരയ്ക്ക് മരണമടയുന്നു. ആലപ്പുഴ കാഞ്ഞിരം ചിറ പ്രദേശത്ത് എസ്.എൻ.ഡി. പി. വക മംഗലം ചുടുകാട്ടിൽ ആ ചിത ആരോ ഒരുവൻ്റെ പോലെ എരിഞ്ഞടങ്ങു മ്പോൾ പാർട്ടി നേതാക്കളൊന്നും ഉണ്ടായിരുന്നില്ല. റീത്തുകളൊന്നും വെച്ചില്ല. വീട്ടുവീഴ്ചയും സന്ധിയുമറിയാത്ത ധീരനായ ആ പടയാളി അതാഗ്രഹിച്ചിരുന്നു.’

കേരളത്തെ ചുവപ്പിച്ച പുന്നപ്ര-വയലാര്‍ സമരത്തിന്റെ കണ്‍വീനറും തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ക്കുന്നുപോലുമില്ല. അവരുടെ ഓര്‍മ്മകളിലോ, ചരിത്രത്തിലോ, രക്തസാക്ഷിമണ്ഡപങ്ങളിലോ, കെട്ടിപൊക്കിയ കൊട്ടാരസമാനമായ പാര്‍ട്ടി മന്ദിരങ്ങളിലോ ഈ തൊഴിലാളി നേതാവിന്റെ ഒരു ചിത്രം പോലുമില്ല. വളരെ ബോധപൂര്‍വ്വം, അല്ല വളരെ സംഘടിതമായി പത്രോസിന്റെ പേര് കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളില്‍ നിന്ന് വെട്ടി നിരത്തി. കാരണം, പത്രോസ് നട്ടെല്ല് വളയ്ക്കാത്ത തൊഴിലാളി നേതാവും സര്‍വ്വോപരി ദലിതനുമായിരുന്നു. സഖാവ് പി.കൃഷ്ണപിള്ള കണ്ടെത്തിയ പത്രോസിനെ ചരിത്രത്തില്‍ ജീവനോടെ കുഴിച്ചുമൂടിയത് ആരാണെന്ന് പാർട്ടിയുടെ അക്കാലത്തെ നേതൃത്വമാണ് പറയേണ്ടിയിരുന്നത് – അല്ലെങ്കിൽ സ്വന്തം ചരിത്രം രചിച്ച് പാർട്ടി ചരിത്രമാക്കിയ തിരുമേനി മാർ പറയേണ്ടതായിരുന്നു. അവരുടെ ചരിത്രം ‘ഹിസ് ‘ സ്റ്റോറിയും മൈ സ്റ്റോറിയും മാത്രമായി. ഞാനും എൻ്റെ പാർട്ടിയും എന്നിങ്ങനെയായിരുന്നല്ലോ തിരുമേനിയുടെ ചരിത്ര നിർമ്മിതി.

എവിടെയാണ് പത്രോസ്?

തിരുവിതാംകൂർ ദിവാനായ സർ സിപി യെ വിറപ്പിക്കുകയും , തൊഴിലാളി വർഗത്തിൽ നിന്ന് ഉയർന്ന് നേതാവാകുകയും ചെയ്ത കെ.വി. പത്രോസിനെ കമ്മ്യൂണിസ്റ്റുകാര്‍ എന്തിനാണ് ചരിത്രത്തില്‍ നിന്നുതന്നെ മായിച്ചുകളഞ്ഞത്?

തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയും ദളിതനുമായിരുന്ന പത്രോസിനെ ചരിത്രത്തില്‍ നിന്ന് നിഷ്‌കാസിതനാക്കിയതിന്ന് പിന്നില്‍ പാര്‍ട്ടിയിലെ സവര്‍ണ മേധാവികള്‍ ചരടുവലിച്ചുവോ? അങ്ങനെ കരുതാതെ വയ്യ. അതായിരുന്നു സത്യം.

ഒരുകാലഘട്ടത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തിയിരുന്ന പോരാളിയെക്കുറിച്ചുള്ള പ്രമാണിക രേഖകളും വസ്തുതകളും നശിപ്പിച്ചതാരാണ്? ചരിത്രത്തില്‍ കെ.വി. പത്രോസ് ആരായിരുന്നു? ചെഗുവേരയെ ആരാധിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്തുകൊണ്ടാണ് ധീരവിപ്ലവകാരിയായ പത്രോസിനെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചത്?

ആ ചതിയുടെയും വഞ്ചനയുടെയും കഥകള്‍ അന്വേഷിച്ച് കേരളമാകെ അലഞ്ഞ് തിരിഞ്ഞ ചരിത്രാന്വേഷിയേയും അധികമാർക്കും അറിയാമെന്നു തോന്നുന്നില്ല. പത്രോസിനെ പ്പോലെ ഒതുങ്ങിക്കൂടിയ നിസംഗനാണ് ആ എഴുത്തുകാരനും .

1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമര ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറും തിരുവിതാംകൂര്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിയുടെ സ്‌റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു വെറും മൂന്നാം ക്ലാസുകാരനായ പത്രോസ്. നൂറ് കണക്കിന് ജനങ്ങള്‍ യന്ത്രതോക്കിന് മുന്‍പില്‍ ചത്തുവീണ ആ സമരത്തിന്റെ ഡിക്ടേറ്ററായി പാര്‍ട്ടി തിരഞ്ഞെടുത്തത് ഈ കുന്തക്കാരന്‍ പത്രോസിനെയായിരുന്നു. പാര്‍ട്ടിയുടെ വിവേക ശൂന്യമായ നയം പാളിപോയതിന്റെ സകലപാപ ഭാരവും ഈ കറുത്തവന്റെ തലയില്‍ അടിച്ചേല്‍പ്പിച്ചു. സകല ചരിത്ര രേഖകളില്‍ നിന്നും ഈ ധീരനായ നേതാവിന്റെ പേരും ത്യാഗവും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മായ്ച്ചു കളഞ്ഞു. പാര്‍ട്ടിക്ക് പിഴവ് പറ്റുമ്പോള്‍ പിഴമൂളേണ്ടി വരുന്നത് പാവപ്പെട്ടവരാണെന്ന പഴമൊഴി പത്രോസിന്റെ കാര്യത്തിലും അച്ചട്ടായി.

‘പാർടിയുടെ നയപരിപാടികൾ കർശനമായി നടപ്പാക്കാൻ ശ്രമിച്ചു എന്ന കൊടിയ കുറ്റത്തിന് പത്രോസിനെ പാർടി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുന്നു. സ്റ്റേറ്റ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കുന്നു, ഗ്രാസ്റൂട്ട് ലെവലിലേക്ക്, ആറാട്ട് വഴി ബ്രാഞ്ചിലേക്ക് തരം താഴ്ത്തുന്നു. കെ വി . പത്രോസ് വിസ്മരിക്കപ്പെട്ടു. ചരിത്ര രേഖകളോ പാർട്ടി പ്രസിദ്ധീകരണങ്ങളോ പരിശോധിച്ചാൽ പൽ ചക്രത്തിൻ്റെ സ്ഥാനവും ഈ വിപ്ലവ നായകന് കല്പിച്ചരുളാൻ പാർട്ടി തയ്യാറായിട്ടില്ലെന്ന് കാണാം. ഈ വീര സാഹസികന് ഇത്തരമൊരു പരമദാരുണമായ അന്ത്യം എങ്ങനെ സംഭവിച്ചു? ഒരു കമ്യൂണിസ്റ്റ് കാരനായി അന്ത്യശ്വാസം വലിച്ച ആ ആദർശധീരൻ എങ്ങനെ അജ്ഞാതനും വിസ്മരണീയനുമായി അവസാനിച്ചു?’

ഊതിപെരുപ്പിച്ച ചരിത്രവും നാലും അഞ്ചും സ്വയം പൊങ്ങി ആത്മകഥകളും എഴുതികൂട്ടുന്ന പാർടി നേതാക്കളും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും എന്തുകൊണ്ടാണ് പത്രോസിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയ തെന്നതിന് കൃത്യമായ മറുപടി പറയാനുള്ള ധൈര്യം കാണിച്ചിട്ടില്ല. കമ്മ്യണിസ്റ്റ് പാര്‍ട്ടിയുടെ ഈ നന്ദിക്കേടിനെക്കുറിച്ച് ഒരു അന്വേഷണം നടത്തി പത്രോസിന്റെ പങ്കാളിത്തം, അയാള്‍ പാർട്ടിയിലും തിരുവിതാം കൂറിലും കോറിയിട്ട ചരിത്രം ഇതൊക്കെ വീണ്ടെടുത്തത് ജി.യദുകുലകുമാര്‍ എന്ന ചരിത്രകാരനാണ്.

മറവിയിലായിപ്പോയ ഈ ചരിത്രം ചികഞ്ഞെടുക്കാന്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ ഒരുപാട് അലഞ്ഞു. പത്രോസിന്റെ സമകാലീനരായ പലരും യദുകുലകുമാറിന്റെ അന്വേഷണത്തോട് സഹകരിക്കാതെ വിട്ടുനിന്നു, ചിലര്‍ മൗനം പാലിച്ചു, ചിലര്‍ ആട്ടിയോടിച്ചു. പത്രോസിൻ്റെ നയങ്ങളോടോ അപ്രായോഗീകമായ സമീപനങ്ങളോടോ യാതൊരു മമതയും തനിക്കുണ്ടായിരുന്നില്ല. എന്നിട്ടും ആ വ്യക്തിയെപ്പറ്റി എഴുതേണ്ടി വന്നത് ഒരു പക്ഷേ, നിമിത്തമോ നിയോഗമോ ആവാം. ചരിത്രത്തിൽ ആ വിപ്ലവകാരി വഹിച്ച അവിസ്മരണീയമായ പങ്ക് മാത്രമാണ് ചരിത്ര രചനയിൽ തന്നെ സ്വാധീനിച്ചതെന്ന് യദുകുല കുമാർ സമ്മതിക്കുന്നുണ്ട്. താൻ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പത്രോസിനോടും അദ്ദേഹം രചിച്ച ചരിത്രത്തോടും നീതിപുലര്‍ത്തിയ ഒരു പുസ്തകം 1996 ൽ എഴുതി- കെ.വി പത്രോസ്-കുന്തക്കാരനും ബലിയാടും. (ഡി.സി. ബുക്ക്സ് )

ഞാൻ കലാകൗമുദിയിൽ ജോലി ചെയ്യുന്ന കാലത്ത് യദു അണ്ണൻ എന്ന് വിളിക്കുന്ന ജി. യദുകുല കുമാർ കേരള കൗമുദിയിലായിരുന്നു. അന്നൊന്നും ഞങ്ങൾ തമ്മിൽ അത്ര വലിയ അടുപ്പമുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങൾ രണ്ടു പേരും ഏതാണ്ട് ഒരേ കാലത്താണ് കൗമുദി വിടുന്നത്. പിന്നിട് ഒരു വർഷ കാലം കൊച്ചി ലത്തീൻ രൂപതയുടെ സദ് വാർത്ത എന്ന പത്രത്തിൽ അണ്ണനും അവരുടെ ഇംഗ്ലീഷ്‌ പത്രമായ ഇന്ത്യൻ കമ്യൂണിക്കേറ്ററിൽ ഞാനും ജോലി ചെയ്തു. രണ്ട് പത്രങ്ങളുടേയും തിരുവനന്തപുരം ബ്യൂറോ ഒരു കെട്ടിടത്തിലായിരുന്നു. അക്കാലത്ത് അണ്ണൻ പത്രോസിനെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ പണിപ്പുരയിലായിരുന്നു – വൈകുന്നേരങ്ങളിലെ ചില്ലു ഗ്ലാസ് മീറ്റിംഗുകളിൽ അണ്ണൻ്റ ചരിത്രാന്വേഷണങ്ങളുടെ കഥകൾ പറയും. വായിച്ച പുസ്തകങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും കലഹിക്കും…

‘കേരളത്തിലെ ആസ്ഥാന ചരിത്രകാരന്മാരും ഇടത് പക്ഷ നേതാക്കളും ചരിത്രത്തിൻ്റെ പിന്നാമ്പുറത്ത് കെട്ടിയിട്ട രണ്ട് ധീരന്മാരെ കുറിച്ച് പുസ്തകമെഴുതിയ വ്യത്യസ്തനായ ചരിത്രകാരനാണ് യദുകുല കുമാർ. കെ വി പത്രോസിൻ്റെ ചരിത്രത്തിന് പുറമെ സർ.സിപിയെ വധിക്കാൻ ശ്രമിച്ച കെ. സി. എസ് മണിയെക്കുറിച്ചും ഒരു പുസ്തകമെഴുതിയിട്ടുണ്ട്. പത്രോസിനെപ്പോലെ ചരിത്രത്തിൽ ഇടം കിട്ടാതെ പോയ മറ്റൊരു ധീര ദേശാഭിമാനിയാണ് മണി സ്വാമി. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിനൊപ്പം ആഗോള കമ്യൂണിസത്തിൽ സംഭവിച്ച ഗതി വിഗതികളെയും കോർത്തിണക്കി ” കത്തിയും പച്ചയും ” എന്നൊരു പുസ്തക ത്തിൻ്റെ പണിപ്പുരയിലാണീ 84 കാരൻ .

പത്രോസിൻ്റെ ജീവചരിത്ര പുസ്തകത്തോട് ആസ്ഥാന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ മുഖംതിരിച്ച് നിന്നു. അവര്‍ക്ക് അപ്രിയമായ ഒട്ടേറെ സത്യങ്ങള്‍ ഈ ഗ്രന്ഥത്തിലൂടെ യദു അണ്ണൻ വിളിച്ചു പറഞ്ഞു. പുസ്തക രചനയുടെ ഭാഗമായി ഇ.എം.എസിനെ കണ്ടുവെങ്കിലും പത്രോസിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് യദുകുലകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇ.എം.എസ് ആലപ്പുഴയിലെത്തിയാല്‍ പലപ്പോഴും താമസിച്ചിരുന്നത് പത്രോസിന്റെ കുടിലിലായിരുന്നു. എന്നിട്ടുപോലും ഇ.എം.എസ് രചിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, പാര്‍ട്ടിയുടെ ചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങളിലൊന്നും പത്രോസിനെ ഓര്‍ക്കാനോ, അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് എഴുതാനോ? തയ്യാറായിട്ടില്ല. പത്രോസിനെക്കുറിച്ചറിയാന്‍ യദുകുലകുമാര്‍ ഇ.എം.എസിനെ നേരില്‍കണ്ട കൂടികാഴ്ചയെക്കുറിച്ച് പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.

“പത്രോസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിനെപറ്റി വീണ്ടും ചോദിച്ചപ്പോള്‍ അദ്ദേഹം (ഇ.എം.എസ്)ഒരു നിമിഷം ഒന്നാലോചിച്ചു.’ കൃത്യമായി ഞാന്‍ ആ കാര്യങ്ങള്‍ ഓര്‍ക്കുന്നില്ല. വളരെ ‘വെയ്ഗ്’ (vague) ആയിട്ടേ ഓര്‍മ്മിക്കുന്നുള്ളൂ. 1942-ലൊക്കെ ശേഷം കൂടുതല്‍ പാര്‍ട്ടിയുടെ കേന്ദ്ര കാര്യങ്ങളൊക്കെ നോക്കി ഡല്‍ഹിയിലായിരുന്നു. ഇവിടെയുള്ളപ്പോഴും സംസ്ഥാനത്തെ കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നില്ല’. വീണ്ടും ഇക്കാര്യം അറിയാനുള്ള താല്‍പര്യം കാണിച്ചപ്പോള്‍ ഇ.എം.എസ് ഇത്രയും കൂടി പറഞ്ഞു – കല്‍ക്കത്ത തിസീസ് കാലത്ത് പാര്‍ട്ടി നയം നടപ്പിലാക്കുന്ന കാര്യത്തില്‍ പത്രോസ് കര്‍ക്കശമായി പെരുമാറിയെന്ന ഒരാക്ഷേപം പാര്‍ട്ടിക്കാര്‍ക്കിടയിലുണ്ടായിരുന്നുവെന്ന് തോന്നുന്നു. തുടര്‍ന്നുള്ള കാര്യങ്ങളെപറ്റി ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. പത്രോസുമായി ചില ബന്ധങ്ങളുണ്ടായിരുന്നു. പിന്നീടാ ബന്ധം വിട്ടു. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ എന്നും അങ്ങനെ ആയിരിക്കണമെന്നില്ല. അതു വലിയ കാര്യമൊന്നുമല്ല. പാര്‍ട്ടിയുടെ സെക്രട്ടറിയായി രുന്നില്ലേ പി.സി ജോഷി. പിന്നീടോ? അങ്ങനെയൊക്കെ സംഭവിക്കാം”

ഇതായിരുന്നു പത്രോസിനെക്കുറിച്ചുള്ള ഇ.എം.എസിന്റെ നിലപാട്. ഇസം കൊണ്ട് മാത്രം പോരാടിയ നേതാവിൻ്റെ സെലക്ടീവ് ഓർമ്മക്കുറവും മാടമ്പിത്തരവും ! ഒരു നേതാവിന് ഇത്രയും ഹൃദയശുന്യനാവാമോ? അദ്ദേഹമെഴുതിയ ചരിത്രത്തിൽ എൻ്റെ തല, എൻ്റെ ഫുൾ ഫിഗർ മാത്രം! സാലോം കോ ഗോലി മാരോ എന്ന് പറയാതെ പറഞ്ഞുവോ? ആത്മവഞ്ചന വശമില്ലാത്തതു കൊണ്ട് പത്രോസ് ചരിത്രത്തിൽ ഒന്നുമായില്ല. അതാണ് പരമ സത്യം.

അവസാന കാലത്ത് പത്രോസിന് നക്സൽ പ്രസ്ഥാനത്തോട് ഇഷ്ടം തോന്നിയിരുന്നു. അവരുടെ ആത്മാർത്ഥതയിൽ അദ്ദേഹത്തിന് തികഞ്ഞ മതിപ്പായിരുന്നു. എന്നാൽ അവരുടെ മാർഗത്തോട് വിയോജിപ്പുമായിരുന്നു. ആലപ്പുഴ കൈ ചൂണ്ടി മുക്കിൽ നടന്ന യോഗത്തിൽ അദ്ദേഹമിങ്ങനെ പ്രസംഗിച്ചുവത്രേ – ” വഴിക്ക് നിങ്ങൾ വഞ്ചിക്കപ്പെട്ടു പോവരുത്. എവിടെയും അതാണ് സംഭവിക്കുന്നത്. സവർണ മേധാവിത്വം പ്രസ്ഥാനം കയ്യടക്കിയാൽ നിങ്ങളും മറ്റൊരു കക്ഷിയായി മാറും. ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഇഞ്ച് നിങ്ങൾക്ക് മുന്നോട്ട് കാൽവയ്ക്കാനാവില്ല. ഇഞ്ചിനിഞ്ച് സന്ധിയും സമാധാനവുമായി നിങ്ങളെ വലയ്ക്കാൻ ആളെത്തും ” തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഓർമ്മകളിൽ നിന്നു മെല്ലാം പത്രോസ് സമ്പൂർണമായി തുടച്ചു മാറ്റപ്പെട്ടതിൻ്റെ കാരണം സവർണ മേധാവിത്തം നിമിത്തമാണെന്ന് പച്ചക്ക് പറഞ്ഞു വെച്ചിരിക്കുന്നു. അവർണന് പാർട്ടിയിലി ന്നും കഞ്ഞി കുഴി കുത്തിക്കൊടുക്കുകയാണ്. അതല്ലേ , പത്രോസിനെക്കുറിച്ച് ചോദിക്കുമ്പോൾ വളരെ വെയ്ഗായി മാത്രം ഓർമ്മകൾ പുറത്തു വരുന്നത്. മനസിലും ഓർമ്മകളിലും നമ്പൂരിത്തം പുന്ത് വിളയാടി നിൽക്കയല്ലേ? ഗൗരി ചോവത്തിയെന്ന് ഒരു തിരുമേനി സന്താനം പറഞ്ഞത് അന്തരീക്ഷത്തിൽ കിടക്കുന്നുണ്ടല്ലോ

പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരുന്ന പത്രോസ് ഒന്നുമല്ലാതായി പോകാന്‍ കാരണമെന്തന്ന തിനെക്കുറിച്ച് ചരിത്ര സത്യങ്ങളുടെ പിൻബല ത്തോടെ യദുകുല കുമാർ എഴുതിയിട്ടുണ്ട്. ജീവനോടെ കുഴിച്ചു മൂടപ്പെട്ടവരുടെ പരിത്യക്തമായ ജീവിതകഥ ചാരം നീക്കി ജാജ്വല്യമനമാക്കേണ്ട ചരിത്ര വിദ്യാർത്ഥി യുടെ കടമയാണ് താൻ നിർവഹിച്ചതെന്നാണ് യദു അണ്ണൻ്റെ പറച്ചിൽ.പത്രോസിനോട് പാർട്ടി കാണിച്ച ക്രൂരവും നന്ദിയില്ലാത്തതുമായ സമീപനത്തോട് രോഷത്തോടും ആത്മ നിന്ദയോടും കൂടെ പുസ്തകത്തിൻ്റെ ആമുഖത്തിൽ വികാരാധീനനായി യദുഅണ്ണൻ എഴുതി-

” അന്യാദൃശ്യമായ ആത്മ സമർപ്പണം പത്രോസിനെ വ്യത്യസ്തനാക്കി മാറ്റി നിർത്തുന്നു. പരമ ദാരിദ്ര്യത്തിലും കൊടിയ ക്ലേശത്തിലും കഠോര പീഡനങ്ങളിലും അദ്ദേഹം വിശ്വാസ പ്രമാണങ്ങൾ കൈവിട്ടില്ല. പതറിയതുമില്ല. അടിമുടി സെക്ടേറിയനും കറകളഞ്ഞ സ്റ്റാലിനിസ്റ്റുമായ പത്രോസ് മ്യത്യുവിൻ്റെ തണുത്തുറഞ്ഞ ഹസ്തങ്ങളിൽ പതിക്കുമ്പോഴും തീവ്ര വികാരത്തോടെ കമ്മ്യൂണിസത്തെ കെട്ടിപ്പുണർന്നു.”