ചേര്‍ത്തലയില്‍ നിയന്ത്രണം വിട്ട കാര്‍ സൈക്കിള്‍, ബൈക്ക്, കാല്‍നട യാത്രികരെ ഇടിച്ചുതെറിപ്പിച്ചു; എട്ടു പേര്‍ ആശുപത്രിയില്‍

ചേര്‍ത്തല പൂച്ചാക്കല്‍ ജംഗ്ഷനില്‍ അമിതവേഗതയില്‍ നിയന്ത്രണംവിട്ടുവന്ന കാറിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്. ബൈക്കില്‍ വന്ന കുടുംബത്തെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോയ കാര്‍ മുന്നു വിദ്യാര്‍ത്ഥിനികളെയും സൈക്കിളില്‍ വന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയേയും ഇടിച്ചുതെറിപ്പിച്ചു. സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ച് കാര്‍ നിന്നു.

ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ തെറിച്ച് കുട്ടികള്‍ തോട്ടിലേക്ക് വീണു. സംഭവം കണ്ട നാട്ടുകാരാണ് റോഡിലും തോട്ടിലുമായി വീണുകിടന്ന കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ ​കോളജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥികളെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. കാറില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു. ഇവര്‍ മദ്യലഹരിയിലാണെന്ന് സൂചനയുണ്ട്.