കൊറോണ: ചേർത്തലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന നാലുപേരുടെയും റിസൾട്ട് വന്നു നെഗറ്റിവ്

ചേർത്തല താലൂക്ക് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ നിരീകഷണത്തിലുള്ള നാലുപേരുടെയും റിസൾട്ട് വന്നു.ആർക്കും വൈറസ് ബാധയില്ല. സൗദിയിൽനിന്ന് വന്ന കൊക്കോതമംഗലം സ്വദേശിയായ 53 കാരനും, ഓമനിൽനിന്നും വന്ന മായിത്തറ സ്വദേശിയായ 24 കാരനും, ഓസ്‌ട്രേലിയയിൽ നിന്നുവന്ന ചെറുവാരണം സ്വദേശിയായ 31 കാരിയും, ഗുജറാത്തിൽനിന്നും ഫ്‌ളൈറ്റിൽ സഞ്ചരിച്ച വയലാർ സ്വദേശിയായ 25 കാരനുമാണ് ഐസൊലേഷൻ വാർഡിലുള്ളത്.

അതേസമയം,​ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ടുവയസുള്ള കുട്ടിയെ കൂടി പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതോടെ സംസ്ഥാനത്ത് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറ്റി അന്‍പതായി. എന്നാൽ, പത്തനംതിട്ട ജില്ലയിൽ ആശങ്ക വേണ്ടെന്ന് കളക്ടർ പി.ബി.നൂഹ് വ്യക്തമാക്കി. ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍നിന്ന് ചാടിപ്പോയ യുവാവിനെ വീട്ടില്‍നിന്ന് കണ്ടെത്തി തിരിച്ചെത്തിച്ചു. സംസ്ഥാനത്താകെ 1116 പേര്‍ നിരീക്ഷണത്തിലാണ്.

കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ പൊതുപരിപാടികൾ നിറുത്തുവയ്ക്കും. ഏഴ് വരെയുള്ള ക്ലാസുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. അതേസമയം,​ എട്ട്,​ ഒമ്പത്,​ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിർദേശം. ഉത്സവങ്ങളും ആഘോഷങ്ങളും കുറയ്ക്കാൻ നിർദേശം നൽകും.