കൊവിഡ് 19: ചികിത്സയിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു; കൊറോണ ബാധിച്ചവരുടെ എണ്ണം 14 ആയി

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നെത്തി രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഇപ്പോള്‍ കളമശ്ശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗബാധയുണ്ടാകാമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. കുട്ടിയുമായി ഇവര്‍ അടുത്ത്ഇടപഴകിയതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു.

ഇതോടെ ചൊവ്വാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 14 ആയി. പത്തനംതിട്ടയില്‍ 7, കോട്ടയം 4, എറണാകുളം 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. അതേ സമയം കുട്ടിയുടേയും മാതാപിതാക്കളുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ടയിലെ പ്രവാസി കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 259 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം രോഗബാധിതരായി കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനിലയില്‍ നേരിയ ആശങ്കയുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന പത്തനംതിട്ട സ്വദേശികളുടെ മാതാപിതാക്കളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. ഇരുവരും 80-90 വയസിനിടയ്ക്ക് പ്രായമുള്ളവരാണ്. രോഗബാധയ്‌ക്കൊപ്പം പ്രായാധിക്യവും കൂടിയുള്ളതാണ് ഇവരുടെ കാര്യത്തില്‍ ആശങ്കയ്ക്ക് കാരണം. മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇതുവരെ കോവിഡ് 19ന്റെ പരിശോധന നടന്നിരുന്നത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ടെസ്റ്റ് നടത്താന്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോഴിക്കോട് 9 സാമ്പിളുകള്‍ പരിശോധിച്ചു. എല്ലാം നെഗറ്റീവാണ്. തിരുവനന്തപുരത്ത് നാളെ മുതല്‍ പരിശോധന ആരംഭിക്കും. മൂന്ന് ലാബുകളില്‍ കൂടി ടെസ്റ്റിനുള്ള അനുമതി തേടി കേന്ദ്രസര്‍ക്കാരിന് എഴുതിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

കമ്മ്യൂണിറ്റി സ്‌പ്രെഡ് ഒഴിവാക്കാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്. ഉത്സവങ്ങളും വിവാഹ ചടങ്ങുകളും അടക്കം മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് അവധി ബാധകമല്ല. മെഡിക്കല്‍ കോളജുകള്‍, ഡെന്റല്‍ കോളജുകള്‍ തുടങ്ങിയവയ്ക്ക് അവധി ബാധകമല്ല സ്വകാര്യ മെഡിക്കല്‍ കോളജുകളിലടക്കം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രോഗബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി. വിദേശത്ത് നിന്ന് വരുന്നവര്‍ യാതൊരു കാരണവശാലും സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാതിരിക്കരുത്. എന്നാല്‍ സമീപപ്രദേശത്ത് വിദേശത്ത് നിന്ന് ഒരാള്‍ വന്നുവെന്ന് കരുതി എല്ലാവരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദേശത്ത് നിന്ന് വരുന്നവരെ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്. എന്നാല്‍ ബോധപൂര്‍വം രോഗവിവരം മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി മുന്നിറിയിപ്പ് നല്‍കി.

രോഗബാധ തടയാന്‍ വ്യക്തി ശുചിത്വം പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സാനിറ്റൈസര്‍ ലഭിക്കാനില്ലെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സാനിറ്റൈസര്‍ ലഭിക്കാത്തതില്‍ ആശങ്ക വേണ്ടന്ന് മന്ത്രി വ്യക്തമാക്കി. സാധാരണയായി ഉപയോഗിക്കുന്ന സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാല്‍ മതിയെന്നും മന്ത്രി വ്യക്മാക്കി. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.