എസ് ബി ഐ അക്കൗണ്ടിന് ഇനി മിനിമം ബാലന്‍സ് വേണ്ട

എസ് ബി ഐ ബേങ്ക് ഇടപാടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ബേങ്ക് പിന്‍വലിച്ചു. 44.51 കോടി സേവിംഗ്‌സ് ബേങ്ക് അക്കൗണ്ടുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എസ് ബി ഐ സേവിംഗ്‌സ് ബേങ്ക് ഉപഭോക്താക്കള്‍ മെട്രോ, സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ യഥാക്രമം 3000, 2000, 1000 രൂപ അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധനയാണ് ഒഴിവാകുന്നത്. നിലവില്‍, പ്രതിമാസ ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകാരില്‍ നിന്ന് അഞ്ച് മുതല്‍ 15 രൂപ വരെ പിഴയും നികുതിയും ബേങ്ക് ഈടാക്കിയിരുന്നു.

ഓരോ മൂന്നുമാസം കൂടുമ്പോഴും എസ് എം എസിന് ഈടാക്കിയിരുന്ന ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ സേവിംഗ്‌സ് ബേങ്ക് അക്കൗണ്ടുകളുടെയും പലിശ നിരക്ക് പ്രതിവര്‍ഷം മൂന്ന് ശതമാനമാക്കി നിജപ്പെടുത്തിയിട്ടുമുണ്ട്. നേരത്തെ, ഒരു ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ക്ക് മൂന്നു ശതമാനവുമായിരുന്നു പലിശ നിരക്ക്.