കൊവിഡ് 19, ആഗോള മഹാമാരി(പാൻഡെമിക്)യായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് 19നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). നൂറിലധികം രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നു പിടിച്ച പശ്ചാത്തലത്തിലാണ് ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രയേസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്നും വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു കുറവും വരരുതെന്നും ഗെബ്രയേസ് നിര്‍ദേശിച്ചു.

ആഗോളതലത്തിൽ വിവിധ ഭൂഖണ്ഡങ്ങളിൽ പടർന്നു പിടിച്ച് ജനങ്ങളെ മരണത്തിലേക്കും കൊടിയ ദുരിതത്തിലേക്കും തള്ളിവിടുന്ന രോഗങ്ങളെയാണ് ലോകാരോഗ്യ സംഘ‌ടന ആഗോള മഹാമാരിയായി (പാൻഡെമിക് )കണക്കാക്കുന്നത്. ഒരു പ്രത്യേക പ്രദേശത്തോ ഒരു വിഭാഗം ജനങ്ങളിലോ പടരുന്ന രോഗത്തെ സാംക്രമികരോഗം അഥവാ മഹാമാരി ( എപിഡെമിക് ) എന്നാണ് പറയുക.

രോഗം പടരുന്നതിന്റെ വ്യാപ്തിയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് കോവിഡ് 19 രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ അദ്ധ്യക്ഷൻ തെദ്രോസ് അധാനം ഗബ്രിയോസസ് ജനീവയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗത്തോടുള്ള നിഷ്ക്രിയത്വം ആശങ്കാജനകമാണ്. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ട്.

ലോകരാജ്യങ്ങൾക്ക് ഇനി വേണമെങ്കിലും രോഗത്തിന്റെ ഗതിമാറ്റാം. ജനങ്ങളിൽ രോഗം കണ്ടെത്തുകയും അവരെ ഐസൊലേഷൻ സൗകര്യങ്ങളിൽ ചികിത്സിക്കുകയും ബോധവൽക്കരിക്കുകയും വേണം – അദ്ദേഹം പറഞ്ഞു.ജനുവരി 30ന് കൊറോണയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഡബ്ല്യു.എച്ച്.ഒയുടെ നിർണായക തീരുമാനമാണിത്.

മഹാമാരിയായി പ്രഖ്യാപിച്ചെങ്കിലും കൊറോണയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്യുന്ന രീതിക്കു കാര്യമായ മാറ്റം വരില്ല. ഇറാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. അവിടെ കൂടുതൽ പേരിലേക്ക് രോഗം പടരാതെ സൂക്ഷിക്കണം. രോഗബാധിതർക്ക് കൂടുതൽ സഹായം എത്തിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ എമർജൻസീസ് പ്രോഗ്രാം വിഭാഗം തലവൻ ഡോ. മൈക്ക് റയാൻ പറഞ്ഞു.

ചൈനക്കു പുറത്ത് രോഗം അതിവേഗം പടരുകയാണെന്നും രണ്ടാഴ്ചക്കിടെ അസുഖബാധിതരുടെ എണ്ണം 13 മടങ്ങ് വര്‍ധിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.