കോവിഡ് 19: ഇറാനില്‍ മരണം 611 ആയി; ഒരു ദിവസത്തിനിടെ മരിച്ചത് 97 പേര്‍

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 മൂലം ഇറാനില്‍ മരണം ക്രമാധീതമായി ഉയരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം ഇതിനകം രാജ്യത്ത് 611 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 97 പേര്‍ മരിച്ചു. ഇറാനില്‍ ഇതിനകം 12792 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ പലരുടേയും നില ആശങ്കാപരമാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് ഇറാനിലാണ്. ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയെങ്കിലും ദിവസം കഴിയുന്തോറും ഇറാനില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയാണ്.