ആദിവാസി പെണ്‍കുട്ടി കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാാലക്കാട് മുതലമട മൂച്ചന്‍ കുണ്ടിലാണ് സംഭവം. രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ ആടുമേയ്ക്കാന്‍ പ്രദേശത്തെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടതും പോലീസിനെ അറിയിച്ചതും.

മൂച്ചന്‍ കുണ്ട് മുണ്ടിപ്പതി ഊരിലെ തെങ്ങിന്‍ തോപ്പിലെ വലിയ കിണറ്റില്‍ ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണുന്നത്. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായി വീട്ടുകാര്‍ കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ വസ്ത്രം ഇല്ലാത്തതും, ശരീരത്തില്‍ മുറിവുള്ളതും ദുരൂഹമാണെന്ന് ബന്ധുക്കള്‍ പറയുന്നു.

കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തു. സംശയിക്കത്തക്കതൊന്നും അറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്.

രാത്രിയില്‍ സമീപമുള്ള വീട്ടില്‍ ടിവി കാണാന്‍ പോയിരുന്നു. തൊട്ടടുത്ത വീടിന്റെ ടെറസിന് മുകളിലാണ് കുട്ടി കിടന്നിരുന്നത്. ബന്ധുക്കളും കൂട്ടുകാരുമായ മറ്റ് കുട്ടികളും ഇവിടെ ഒപ്പമുണ്ടായിരുന്നു. രാത്രി പത്തരവരെ ഇവരെ കണ്ടവരുണ്ട്.