എന്റെരാജ്യത്ത് മാത്രം കൊറോണയില്ല: ഞാന്‍ സ്വന്തമായി രാജ്യം സ്ഥാപിച്ചപ്പോള്‍ എന്നെ നോക്കി ചിലര്‍ ചിരിച്ചു; ഇപ്പോള്‍ എന്തായി എന്ന് നിത്യാനന്ദ

‘ഞാന്‍ എല്ലായിടത്ത് നിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസം എന്നൊരു രാജ്യം സ്ഥാപിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹ്യമായ ഇടപെടലില്‍ നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്ന് ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും’ എന്ന് ഇന്ത്യക്കാരെ ട്രോളി ബാലസംഗ സ്വാമി നിത്യാനന്ദ.

പൊതു ഇടങ്ങളില്‍ നിന്നും വിട്ടുനിന്നാലും, മറ്റുള്ളവരുമായി അടുത്ത് ഇടപെഴകുന്നത് ഒഴിവാക്കിയാലും ഒരു പരിധിവരെ കൊറോണ വൈറസ് പകരുന്നത് ഒഴിവാക്കാം. ലോകരാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശവും ഇത് തന്നെയാണ്. ഇപ്പോള്‍ വിവാദ ആള്‍ ദൈവം നിത്യാനന്ദയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഏവരും ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ നേരിടുമ്പോള്‍ അതിനെ ട്രോളിക്കൊണ്ടാണ് ശിവൻറെ അവതാരമാണെന്ന് അവകാശപ്പെടുന്ന പ്രമുഖ ആൾദൈവം നിത്യാനന്ദ രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ.മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങളാണ് ഈ പേജില്‍ വന്നുകാെണ്ടിരിക്കുന്നത്. ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവില്‍ വച്ചെന്നും ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നത്. കേസ് നിലനില്‍ക്കെയാണ് ഇയാള്‍ രാജ്യത്തു നിന്ന് കടന്നുകളഞ്ഞത്.