എങ്ങനെ നിങ്ങളുടെ മനസ്സിന്റെ സ്വസ്ഥത നിലനിർത്താം?

ടി.പി. ജവാദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

ചില സമയങ്ങളിൽ ഒട്ടും ആശ്വാസമില്ലാത്ത വാർത്തകളിലൂടെ നാം കടന്നുപോകുന്നു.രോഗാണുക്കളെക്കുറിച്ചുള്ള ഭയം പ്രിയപ്പെട്ടവർക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആധി, സാമൂഹ്യ അകൽച്ചയും അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും എല്ലാം നമ്മെ പ്രതികൂലമായി ബാധിക്കുകയാണ്.

സാധാരണയായി ഉത്കണ്ഠരോഗങ്ങളും സാമൂഹ്യപേടിയും(Anxiety disorders) അനുഭവിക്കുന്നവർ സൈബർലോകത്തു കൂടുതൽ സമയം ചെലവഴിക്കുന്നു.സൈബർ ലോകത്തുകൂടെയാണ് അവർ അധികവും ആശയവിനിമയം നടത്തുന്നത് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന അർദ്ധസത്യങ്ങളും അതിശയോക്തി കലർന്ന ഭീതിജനകമായ വാർത്തകൾ അത്തരക്കാരിൽ സമ്മർദ്ദവും ചില ശാരീരിക പ്രതികരണങ്ങളും സൃഷ്ടിക്കും. ശരീരം വിയർക്കൽ,നെഞ്ചു വേദന ശ്വാസം മുട്ടൽ തുടങ്ങിയ അവസ്ഥകൾ സാധാരണ അമിതമായ ആധി(Panic Attack) ഉള്ളവരിൽ കാണാം

സാധാരണയിൽ കവിഞ്ഞ ഉത്കണ്ഠയുള്ളവരും കർക്കശതയും കൃത്യനിഷ്ഠയും ജന്മനാ സ്വഭാവത്തിന്റെ ഭാഗമായവർ (obssesive complsive personality}സാമൂഹ്യജീവിതത്തിലെ വ്യതിയാനങ്ങൾ അവരുടെ നിലവിലുള്ള പ്രശ്‍നങ്ങൾ സങ്കീർണമാക്കുന്നു.കാരണം ഇല്ലാതെയുള്ള അമിത ഹൃദയമിടിപ്പ്, വിയർപ്പ്, വിറയൽ ,ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, തലചുറ്റൽ,നെഞ്ചുവേദന ഉടൻ മരണപെട്ടുപോകുമെന്ന ആധി, മനം പുരട്ടൽ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ വ്യക്തി ജീവിക്കുന്ന സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ അനുഭവപ്പെടാം

രോഗാണുക്കൾ ശരീരത്തിൽ കയറികൂടിയിട്ടുണ്ടോ എന്ന സംശയം, മാരകമായ വ്യാധി ബാധിച്ചിട്ടുണ്ടോ എന്ന ഉത്കണ്ഠ എല്ലാം അനുഭവിക്കുന്നവർ അത് ഒഴിവാക്കാനായി അസാധാരണമായി കൈ കഴുകുകയോ വീണ്ടും വീണ്ടു കുളിക്കുകയോ ചെയ്യാം, നിലവിലുള്ള സാമൂഹ്യ സാഹചര്യം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരുന്നവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാക്കുന്നു.

സാധാരണയിൽ കവിഞ്ഞ മാനസിക സംഘർഷം അനുഭവിക്കുന്നവരും അല്ലാത്തവരും ബോധപൂർവമായ ചില തീരുമാനങ്ങൾ ഇത്തരുണത്തിൽ എടുക്കേണ്ടതുണ്ട് .

#ആവശ്യമില്ലാത്ത വാർത്തകളിൽ നിന്ന് മാറി നിൽക്കുക.

അതിശയോക്തിനിറഞ്ഞ വാർത്തകളും, അവിദഗ്ധരുടെ കാഴ്ചപ്പാടുകളും, നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന നെഗറ്റീവ് വിവരങ്ങളിൽ നിന്നും ബോധപൂർവ്വം മാറി നിൽക്കുക.ആവശ്യമില്ലാത്ത വാർത്തകൾക്ക് ചെവികൊടുക്കരുത്. നമുക്ക് ചെയ്യാവുന്ന നല്ല മാർഗ്ഗങ്ങൾ ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിര്ദേശങ്ങൾ അനുസരിക്കുക മാത്രമാണ്. നിരന്തരം അനാവശ്യമായ ഒരു കാര്യം റൂമിനേറ്റു ചെയ്തുകൊണ്ട് ഗുണകരമായ ഒന്നും സംഭവിക്കുകയില്ല.

#മുൻകൂട്ടി പ്ലാൻ ചെയ്യുക

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുക.ദൈനം ദിന ജീവിതം ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യകരമായി ഉപയോഗപ്പെടുത്താൻ തീരുമാനിക്കാം . മനസികപിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന സംഘർഷ രഹിതമായ കാര്യങ്ങളിൽ വ്യാപാരിക്കാനാവും, ഇഷ്ടപെട്ട സിനിമകളും , വായനയും, സംഗീതവും, വിനോദങ്ങളും എല്ലാം നിറഞ്ഞ ഒരു ജീവിതക്രമത്തിൽ അനാവശ്യ ചിന്തകൾ കടന്നുവരുകയില്ല.

#നല്ല നടത്തം

ദിവസവും വീടിനുള്ളിൽ തന്നെ നിശ്ചിത സമയം അങ്ങോട്ടും ഇങ്ങോട്ടുമായി നടക്കാം. ദിവസവും പതിനായിരം അടിയോളം നടക്കുകയാണെങ്കിൽ ശാരീരികമായ അസ്വസ്ഥകളും അതിനെത്തുടർന്നുള്ള മനസികപിരിമുറുക്കവും കുറയും.നല്ല ഉറക്കം കിട്ടും.

#നമുക്ക് തുറന്ന് സംസാരിക്കാം.

വീട്ടിലുള്ളവരും സുഹൃത്തുക്കളുമായി ആകുലതകളും പ്രതീക്ഷകളും എല്ലാം തുറന്നു സംസാരിക്കാൻ ബോധപൂർവം ശ്രമിക്കണം. തുറന്നു സംസാരിക്കാനും കേൾക്കാനും ഉള്ള ക്ഷമ നഷ്ടപെട്ട ഒരു സാമൂഹ്യ സാഹചര്യത്തിൽ ആളുകൾ തന്നിലേക്ക് ഒതുങ്ങിക്കൂടുകയും സൈബർ ലോകത്തു കൂടുതൽ സമയം ചെലവഴിയ്ക്കുകയും ചെയ്യുന്നത് ആന്തരിക സംഘർഷം കൂട്ടും. അടുപ്പമുള്ളവരുമായി ആശയവിനിമയം ചെയ്യുന്നത് സ്വന്തം ധാരണകളിലെ പിശകുകൾ തീർക്കുന്നതിനും പിരിമുറുക്കം ഒഴിവാക്കുന്നതിനും സഹായകരമാണ്

#നമുക്ക് മുന്നിൽ ശുഭപ്രതീക്ഷകളുടെ ലോകം

ജീവിതത്തിലെ വിഷമസന്ധികളെ സാഹചര്യങ്ങളെ പ്രായോഗികവും ക്രിയാത്മകവുമായ നേരിടുക എന്നത് മാത്രമേ നമ്മെ സംബന്ധിച്ചിടത്തോളം കരണീയമായുള്ളു.വ്യക്തി തലത്തിൽ നമുക്ക് ഓരോരുത്തർക്കും ചെയ്യാനാവുന്ന കാര്യങ്ങൾ, സ്വയം നിയന്ത്രണം ഒപ്പം പ്രശ്‌നങ്ങളെ ശുഭപ്രതീക്ഷയോടെ നേരിടുമ്പോൾ അത് ശരീരത്തിലെ ഹോർമോൺ നിലയെ സ്വാധീനിച്ചു പിരിമുറുക്കം ഒഴിവാകുന്നു. കാര്യങ്ങൾ യാഥാർഥ്യബോധത്തോടെ വിലയിരുത്തുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് നാം ഇപ്പോൾ ചെയ്യേണ്ടത്.