കോവിഡ് 19: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20000 കോടി രൂപയുടെ പാക്കേജ്; ഒരുമാസം സൗജന്യ റേഷൻ

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് സ്വദേശിക്കാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 28 ആയി. ഇതില്‍ മൂന്നു പേര്‍ നേരത്തെ രോഗം ഭേദമായവര്‍ ആണ്.

സംസ്ഥാനത്ത് 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. 237 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 64 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 6103 പേരെയാണ് ഇന്ന് പുതിയതായി നിരീക്ഷണത്തിലാക്കിയത്. 2921 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ 2342 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്റെ അനിവാര്യത എടുത്തു പറഞ്ഞു. സംസ്ഥാനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് അദേഹം പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കുടുംബശ്രീ വഴി വരുന്ന രണ്ട് മാസങ്ങളില്‍ രണ്ടായിരം കോടി രൂപയുടെ വായ്പ ലഭ്യമാകും. ഏപ്രില്‍-മെയ് മാസങ്ങളില്‍ ആയിരം കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് നടപ്പിലാക്കും. ഏപ്രില്‍ നല്‍കേണ്ട സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ രണ്ടു മാസത്തെ പെന്‍ഷന്‍ തുക നല്‍കും. അമ്പത് ലക്ഷത്തില്‍ പരം ആളുകള്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവരാണ്. ബിപിഎല്‍-അന്ത്യോദയ കുടുംബങ്ങളില്‍ പെട്ടവര്‍ക്ക് പെന്‍ഷന്‍ വാങ്ങാത്തവര്‍ക്ക് ആയിരം രൂപ വീതം നല്‍കും. 100 കോടി രൂപ അതിനായി വിനിയോഗിക്കും. സംസ്ഥാനത്താകെ എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. 10 കിലോ ഭക്ഷ്യധാന്യം വീതമാണ് നല്‍കുക. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണശാലകള്‍ ഏപ്രില്‍ മാസത്തില്‍ തന്നെ ആരംഭിക്കും നേരത്തെ നി്ചയിച്ച 25 രൂപയില്‍ നിന്ന് 20 രൂപ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും. ഹെല്‍ത്ത് പാക്കേജിന്റെ ഭാഗമായി 500 കോടി രൂപ വകയിരുത്തും.

വിവിധ മേഖലയിലുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൊടുക്കാനുള്ള കുടിശിക തുക ഏപ്രിലില്‍ തന്നെ കൊടുത്തു തീര്‍ക്കും. ഓട്ടോറിക്ഷ-ടാക്‌സികളൂടെ ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ് നല്‍കും. ബസുകള്‍ക്ക് അടുത്ത മൂന്നു മാസം നല്‍കേണ്ട ടാക്‌സിന് ഇളവ് നല്‍കും. സ്‌റ്റേറ്റ് കാരിയര്‍ക്ക് ഒരു മാസത്തെ ഇളവും, അതിനു തുല്യമായ തലത്തില്‍ തന്നെ കോണ്‍ട്രാക്ക് കാരിയര്‍ക്കും ഇളവ് നല്‍കും. ഇതോടൊപ്പം വൈദ്യുതി-ജല ബില്ലുകള്‍ പിഴ കുടാതെ അടയ്ക്കുന്നതിന് ഒരു മാസത്തെ സാവകാശം. തിയറ്ററുകള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സുകള്‍ക്ക് ഇളവ് നല്‍കും.

കോവിഡ് -19 വ്യാപനം ഉണ്ടായാല്‍ സേന- അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ രോഗികളെ മാറ്റുന്നതിനായി ഹെലികോപ്ടര്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി കലാകൗമുദി പബ്ലിക്കേഷന്‍സ് പുസ്തകങ്ങള്‍ സൗജന്യമായി എത്തിക്കുമെന്ന് അറിയിച്ചു. അതേസമയം യുജിസി യുടെ നിര്‍ദേശം ഉണ്ടെങ്കിലും സംസ്ഥാനത്ത് നടക്കുന്ന പരീക്ഷകള്‍ നിര്‍ത്തിവെയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ശാരീരിക അകലം-സാമൂഹിക ഒരുമ ഇതാകണം ഈ കാലഘട്ടത്തിലെ മുദ്രാവാക്യം എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.