കൊവിഡ് 19: ലോകത്ത് മരണം 9282 ആയി; രണ്ട്‌ ലക്ഷത്തില്‍പ്പരം രോഗ ബാധിതര്‍

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ബാധിച്ച് 172 രാജ്യങ്ങളില്‍ നിന്നായി മരിച്ചവരുടെ എണ്ണം 9282 ആയി. ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കുടുതല്‍ പേര്‍ വൈറസ് ബാധിച്ച് മരണപ്പെടുന്ന രാജ്യം ഇറ്റലിയായി. ഇറ്റലിയില്‍ മരണം 3400ല്‍ എത്തി. 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയില്‍ മരിച്ചത് 475 പേരാണ്. ചൈനയില്‍ 3257 പേരാണ് മരിച്ചത്. ചൈനയില്‍ 81,154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോഴാണ് 3257 പേര്‍ മരിച്ചത്. എന്നാല്‍ ഇറ്റിലിയില്‍ 35800 ഓളം പേര്‍ മാത്രം രോഗം സ്ഥിരീകരിച്ചപ്പോഴാണ് ഇത്രയും മരണമുണ്ടായിരിക്കുന്നതെന്ന് ആശങ്ക വര്‍ധിപ്പിക്കുന്നു.

ചൈനയില്‍ ഇന്നലെ എട്ട് മരണമാണുണ്ടായത്. എന്നാല്‍ ചൈനയെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണിത്. ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം പുതിയ ഒരാള്‍ക്ക് പോലും ഇന്നലെ രോഗം സ്ഥിരീകരിക്കപ്പട്ടില്ല.

172 രാജ്യങ്ങളിലായി 210,000 പേരെയാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ചത്തെ കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ ഇറാനില്‍ 149 പേര്‍ക്കും സ്പെയിനില്‍ 129 പേര്‍ക്കും ജീവന്‍ നഷ്ടമായി. സ്‌പെയിനില്‍ 767 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റഷ്യയില്‍ ആദ്യ കൊറോണ മരണവും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ലോകത്തുടനീളമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 87,000 പേര്‍ വൈറസില്‍ നിന്ന് മുക്തരായിട്ടുണ്ട്.