നിര്‍ഭയയ്ക്ക് നീതി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസ് നാല് പ്രതികളെയും തൂക്കിലേറ്റി

രാജ്യം നിര്‍ഭയയെന്ന് പേരിട്ടുവിളിച്ച അവളുടെ മാനവും ജീവനും കവര്‍ന്നെടുത്ത പ്രതികള്‍ക്ക് രാജ്യം തക്ക ശിക്ഷ തന്നെ നല്‍കി. അവര്‍ നാല് പേരും കഴുമരത്തിലൊടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരക്കാണ് തിഹാര്‍ ജയിലില്‍ നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരെ തൂക്കിലേറ്റിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് നാല് പേരുടെയും ശിക്ഷ ഒരുമിച്ച് നടപ്പാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം നാല് പ്രതികളെ തൂക്കിലേറ്റുന്നത്.

തിഹാര്‍ ജയിലിയിലെ മൂന്നാം നമ്പര്‍ മുറിയിലെ കഴുമരത്തിലാണ് പ്രതികളെ തൂക്കിലേറ്റിയത്. കൃത്യം അഞ്ചരക്ക് തന്നെ ശിക്ഷ നടപ്പാക്കി. നാല് പ്രതികളും വ്യാഴാഴ്ച രാത്രി ഉറങ്ങിയിരുന്നില്ലെന്നും കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നരയോടെയാണ് പ്രതികളെ സെല്ലിൽ നിന്ന് പുറത്തുകൊണ്ടുവന്നത്. തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കാറുണ്ട്. എന്നാല്‍ നാല് പേരും അതിന് തയ്യാറായിരുന്നില്ല. ചായയും ഇവര്‍ കഴിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെെജാമയും കൂർത്തയുമാണ് പ്രതികളെ അണിയിച്ചിരുന്നത്. ശിക്ഷാ വിധി നടപ്പാക്കി അര മണിക്കൂറിന് ശേഷമാണ് കഴുമരത്തിൽ നിന്ന് മൃതദേഹങ്ങൾ ഇറക്കിയത്. തുടർന്ന് ജയിൽ അധികൃതർ പ്രതികൾ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു.

വധശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ് വൻ ജനാവലിയാണ് തിഹാർ ജയിലിന് പുറത്ത് തടിച്ചുകൂടിയത്. ശിക്ഷ നടപ്പാക്കിയതതോടെ ജനങ്ങൾ ആഹ്ളാദം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. മധുരം വിളമ്പിയും ജനം ശിക്ഷാവിധി ആഘോഷിച്ചു. കാത്തിരിപ്പിന് ഒടുവിൽ നീതി ലഭിച്ചുവെന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം. സ്വന്തം മകളെ പിച്ചിച്ചീന്തിയ കാപാലികൾക്ക് കഴുമരം വാങ്ങി നൽകും വരെ ഒരു അമ്മ നടത്തിയ സന്ധിയില്ലാ സമരത്തിൻെറ ചരിത്രം കൂടിയാവുകയാണ് നിർഭയ കേസ്.