സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന്റെ സാഹചര്യമില്ലെന്ന് മന്ത്രി തിലോത്തമൻ

കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലും സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി തിലോത്തമന്‍. ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചിട്ടുണ്ട്. അതിനാല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചതായി മന്ത്രിഅറിയിച്ചു.

ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് ആശുപത്രികൾ, ബസ് സ്റ്റാന്റുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവയുടെ സമീപമുളള ബേക്കറികൾ, റസ്റ്റോറന്റുകൾ എന്നീ സ്ഥാപനങ്ങൾ സ്പെഷ്യൽ സ്‌ക്വാഡുകൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും.

പരിശോധനയിൽ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തും. ആരോഗ്യവകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൂടി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.