കോവിഡ് 19: രാജ്യത്ത് രോഗികളുടെ എണ്ണം 332 ആയി

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 332 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 77 പേരിലേക്കാണ് രോഗം പടർന്നത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ കോറോണ പരിശോധനയ്ക്കായി സ്വകാര്യ ലാബുകൾ 4500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. സ്ക്രീനിംഗ് ടെസ്റ്റിന് 1500 രൂപയും രോഗം സ്ഥിരീകരിക്കാനായി 3000രൂപയുമാണ് പരമാവധി ഈടാക്കുക.

അതേസമയം, തമിഴ്‌‌നാട്ടിലും മഹാരാഷ്‌ട്രയിലും കൊറോണ രോഗം അപകടകരമായ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്ന ആശങ്ക ശക്തമായി. രണ്ട് സംസ്ഥാനങ്ങളിലും കൊറോണ ബാധിത രാജ്യങ്ങളിൽ പോവുകയോ, രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്കടിസ്ഥാനം.

മഹാരാഷ്‌ട്രയിൽ പൂനെയിൽ ഒരു സ്‌ത്രീക്കും തമിഴ്നാട്ടിൽ ചെന്നൈയിൽ 20കാരനുമാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് എങ്ങനെ രോഗം ബാധിച്ചു എന്ന അന്വേഷണത്തിലാണ് വിദഗ്ദ്ധർ. മാർച്ച് 18ന് ഡൽഹിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിൽ എത്തിയ 20 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് ചെന്നൈയിലെ രാജീവ്ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഈ രോഗി കൊറോണ പോസിറ്റീവ് ആയ ആളുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നതെന്നും കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെ സീനിയർ ശാസ്‌ത്രജ്ഞൻ രാമൻ ഗംഗാഖേദ്കർ പറഞ്ഞു.

അതേസമയം, കൊറോണ ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 13000കടന്നു. ഇറ്റലിയിലാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത്. 24 മണിക്കൂറിനുള്ളില്‍ 793 പേരാണ് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 4825 ആയി. അമേരിക്കയിൽ 300പേരാണ് രോഗം ബാധിച്ച് മരിച്ചത്.