ബിഹാറില്‍ 38 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു: രാജ്യത്ത് ആകെ മരണം 6 ആയി

രാജ്യത്ത് കോവിഡ് ബാധിച്ച് വീണ്ടും മരണം. മഹാരാഷ്ട്രയില്‍ മുംബൈയില്‍ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ബിഹാറിലും കോവിഡ് മരണം. ബിഹാറില്‍ 38 കാരനായ യുവാവാണ് മരണപ്പെട്ടത്. പട്‌നയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഇയാള്‍ അടുത്തിടെ ഖത്തറില്‍ പോയി മടങ്ങിവന്ന ആളാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണിത്. ബിഹാറില്‍ കോവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് ഒരാള്‍ക്ക് രോഗ ബാധയും സ്ഥിരീകരിച്ചു.

നേരത്തെ മഹാരാഷ്ട്രയില്‍ മുംബൈയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 63 കാരന്റെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചുള്ള മഹാരാഷ്ട്രയിലെ രണ്ടാമത്തെ മരണമാണ്.

കഴിഞ്ഞ 19-ാം തിയതിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ രോഗിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മരണപ്പെട്ട രോഗിക്ക് ഡയബറ്റിസും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നതായുംൗ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ബിഹാറിനു പുറമെ മഹാരാഷ്ട്രയില്‍ രണ്ടു പേരും, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരണപ്പെട്ടത്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 332 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. ഇന്ന് ആന്ധ്രപ്രദേശിലും ഒരാള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ രോഗം ഭേദമായവരാണ്. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ പഞ്ചാബും മാര്‍ച്ച് 31 വരെ പൂര്‍ണമായി അടച്ചു. പഞ്ചാബില്‍ ഇതുവരെ 13പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാജ്യത്ത് ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമെന്ന രീതിയിലാണ് നടപടി. ജനങ്ങളെ നിയന്ത്രിക്കാൻ എളുപ്പമുള്ള ദിവസമായതിനാലാണ് കർഫ്യൂനായി ഞായറാഴ്ച തിരഞ്ഞെടുത്തത്.