കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. മാര്‍ച്ച് 31വരെയാണ് ലോക് ഡൗൺ.

അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങുന്ന സ്ഥിതിയില്‍ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആളുകള്‍ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കാന്‍ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.

സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.

ലോക്ക് ഡൗണില്‍ സംസ്ഥാനം മൊത്തം അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്ആര്‍ടിസിയോ ഉണ്ടാവില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളില്‍ പോകാം. ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഇന്ധന പാചക വിതരണം തുടരും.