ഇനി റൂട്ട് മാപ്പും അഭ്യര്‍ത്ഥനയുമില്ല, ചുട്ട അടി തരുമെന്ന് കാസർകോട് ജില്ലാ കളക്ടർ

ജില്ലയിൽ കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. പുതിയ അഞ്ച് കേസുകളാണ് ഇന്നലെ കാസർകോട് റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം 19 ആയി. കേരളത്തിൽ 67 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ത്ഥനയുമില്ലെന്നും നടപടി മാത്രമേ ഉണ്ടാകൂവെന്നും കളക്ടര്‍ ഡോ.സജിത്ത് ബാബു പറഞ്ഞു. നിരത്തിലിറങ്ങിയ വാഹനങ്ങൾ പൊലീസ് തടയുന്നുണ്ട്.

കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അ‍ഞ്ചു വരെ തുറക്കും. ഇല്ലെങ്കില്‍ തുറപ്പിക്കും. ‘ഇനി നന്നാവു’മെന്നും കളക്ടർ അറിയിച്ചു. ജാഗ്രതാതല സമിതികള്‍ പഞ്ചായത്തുകളില്‍ സജീവമാണ്. വാഹനങ്ങള്‍ പരിശോധിക്കും. അനാവശ്യ യാത്രകൾ പാടില്ല. ആശുപത്രിയിലേക്കാണെങ്കിലും രേഖകള്‍ കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ ഇന്നലെ രാത്രി ഒൻപത് മണി മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍.പി.സി 114 പ്രകാരം കഴിഞ്ഞ ദിവസം കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കളക്ടർമാരാണ് ഇരു ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതു പരിപടികള്‍, ഉത്സവങ്ങള്‍, ആഘോഷപരിപാടികള്‍, പരീക്ഷകള്‍, മതപരിപാടികള്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടാണ് ഉത്തരവ്. ഒരിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരരുത്. പ്രതിഷേധപ്രകടനങ്ങള്‍ അടക്കം ആളുകൂടുന്ന എല്ലാ പരിപാടികളും വിലക്കിയിട്ടുണ്ട്.