കാസര്‍കോട് പൂര്‍ണ ലോക്ക് ഡൗണാകും; ഭക്ഷ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടും. കാസര്‍കോട് ജില്ലയില്‍ ഒരാളെ പോലും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഭക്ഷ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിന്നീട് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കും.

കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തിയേക്കും. ഇതില്‍ എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. ഈ മൂന്ന് ജില്ലകളില്‍ ചരക്ക് സേവനങ്ങളും അവശ്യ സര്‍വ്വീസുകളും മാത്രം നിലവിലുണ്ടാകും. സംസ്ഥാനം പൂര്‍ണമായും അടച്ചിടേണ്ടെന്നാണ് യോഗത്തിലെ പൊതു തീരുമാനം.

അവശ്യ സര്‍വ്വീസുകള്‍ അനുവദിക്കാനും തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ബറുകള്‍ അടച്ചിടാനും ഉന്നതതല യോഗത്തിര്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബീവറേജ് കോര്‍പറേഷന്‍ അടച്ചിട്ടേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എന്നാല്‍ കാസര്‍കോട് ബീവറേജ് ഔട്ട്‌ലെറ്റുകളും അടക്കും.