ഓട്ടോ, ടാക്‌സി അനുമതി അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം: ഡി ജി പി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ മുന്നറിയിപ്പുമായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ടാക്‌സിയും ഓട്ടോയും ഉപയോഗിക്കാനുള്ള അനുമതി അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമെന്ന് ഡി ജി പി അറിയിച്ചു.

സ്വകാര്യ വാഹനങ്ങളില്‍ വീടിന് പുറത്ത് ഇറങ്ങുന്നവര്‍ സത്യവാംഗ്മൂലം എഴുതി നല്‍കണം. നിരത്തിലിറങ്ങുന്നവര്‍ നല്‍കുന്ന വിശദീകരണം പോലീസ് പരിശോധിക്കും. സത്യവാംഗ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയാല്‍ നടപടിയുണ്ടാകുമെന്നും ഡി ജി പി പറഞ്ഞു.

അവശ്യ സേവനം നടത്തുന്നവര്‍ക്ക് പോലീസ് പാസ് നല്‍കും. എല്ലാ ജില്ലാ പോലീസ് മേധാവികളും അവശ്യ സേവനം നടത്തുന്ന കടകള്‍ക്ക് പാസ് നല്‍കും. ഈ പാസ് കടകളില്‍ സൂക്ഷിക്കണം.

മരുന്നുകള്‍കൊണ്ട് വരുന്ന വാഹനങ്ങള്‍, ആരോഗ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. മാധ്യമ പ്രവര്‍ത്തകര്‍ പുറത്തിറങ്ങുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാല്‍ മതിയാകുമെന്നും ഡി ജി പി പറഞ്ഞു. പോലീസ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.