കൊവിഡ് 19: സാമ്പത്തിക പാക്കേജ് പിന്നീട്; എടിഎം സേവനങ്ങൾക്ക് അധികചാര്‍ജ് ഈടാക്കില്ല

അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ ടി എമ്മില്‍നിന്നും പണം പിന്‍വലിക്കാമെന്നും അധികചാര്‍ജ് ഈടാക്കുകയില്ലെന്നും കേന്ദ്ര ധനമന്ത്രാലയം. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധനയും ഒഴിവാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമല സീതരാമൻ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

2018-19 സാമ്പത്തിക വർഷത്തിലെ ആദായനികുതി അടക്കാനുള്ള അവസാന തിയതി 2020 ജൂണ്‍ 30 ആക്കി നീട്ടി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി.

നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമർപ്പിക്കാനുള്ള തീയതി ജൂൺ 30 ആയി നീട്ടി. ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി മാർച്ച് 31 ൽ നിന്നും ജൂൺ 30 ലേക്കും മാറ്റി. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി എസ് ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതിയും ജൂണ്‍ 30 വരെയാക്കിയതായും മന്ത്രി അറിയിച്ചു.

കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കിയിട്ടുണ്ട്. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.

അതേ സമയം, സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചില്ല. നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് അറിയിച്ചത്. പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.