കൊവിഡ് 19: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്ക് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇന്ന് രാത്രി 12 മണി മുതല്‍ രാജ്യത്ത് പൂര്‍ണ്ണ ലോക്ക് ഡൗണ്‍. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചതാണ് ഇക്കാര്യം. കൊവിഡിനെതിരെ സാമൂഹ്യ അകലം പാലിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഒരു തരത്തില്‍ കര്‍ഫ്യു തന്നെയാണ്. എന്നാല്‍ രാജ്യത്തിന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയ രക്ഷയ്ക്കും സമൂഹത്തിന്റെ രക്ഷയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ വ്യാപനത്തിന്റെ ​‍ശൃംഖല തകര്‍ക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് 21 ദിവസ കാലയളവ് വ​ളരെയധികം പ്രധാനമാണ്. അതുകൊണ്ടുതന്നെ വരുന്ന 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഓരോരുത്തരുടെയും ജീവന്‍ രക്ഷിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി ഈ നടപടി അനിവാര്യമായി വന്നിരിക്കുകയാണ്. 21 ദിവസം ജനങ്ങള്‍ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയ്ക്കല്ല, ഒരു കുടുംബാംഗം എന്ന നിലയ്ക്കാണ് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തുന്നതെന്ന് മോദി പറഞ്ഞു. 21 ദിവസം പുറത്തിറങ്ങുന്ന കാര്യം മറന്നേക്കുക. ഈ ദിവസങ്ങളിലെ നിയന്ത്രണം കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിലെ ലക്ഷ്മണ രേഖയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകവ്യാപകമായി ഒരുലക്ഷം പേരിലേക്ക് രോഗം വ്യാപിക്കാന്‍ 67 ദിവസമെടുത്തു. അടുത്ത 11 ദിവസം കൊണ്ട് അടുത്ത ഒരുലക്ഷം പേരിലേക്ക് രോഗം എത്തി. രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തില്‍ എത്താന്‍ വെറും നാല് ദിവസം മാത്ര​മേ എടുത്തുള്ളൂ. അതുകൊണ്ടുതന്നെ രോഗവ്യാപനത്തി​ന്റെ വേഗത എത്രയുണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രോഗവ്യാപനത്തിന്റെ വേഗത കൊണ്ടുതന്നെയാണ് യു.എസ്, ചൈന, ജപ്പാന്‍, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്ക് ​കൊറോണ വ്യാപനം തടയാന്‍ സാധിക്കാതെ വന്നത്. രോഗപ്രതിരോധത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഈ രാജ്യങ്ങള്‍ക്ക് രോഗവ്യാപനം തടയാനായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഈ രാജ്യത്തെ ജനങ്ങള്‍ കൊറോണ വൈറസ് ഭീഷണിയില്‍ നിന്ന് പുറത്തുകടന്നുകൊണ്ടിരിക്കുകയാണ്. നമുക്കും ഈ മാതൃക പിന്തുടരാമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാം വീട്ടിലിരിക്കുമ്പോഴും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ വ്യാപനം കണക്കിലെടുത്ത് ആരോഗ്യ മേഖലയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രധാനമന്ത്രി 15,000 കോടി രൂപ പ്രഖ്യാപിച്ചു. ജനങ്ങളു​ടെ ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന. ഇതിനായി ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.