പ്രധാനമന്ത്രി രാത്രി എട്ടു മണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.

പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സ്വയം സുരക്ഷിതത്വം, ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. ഇന്ത്യയില്‍ ഇതുവരെ 490 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പതു പേര്‍ മരണമടയുകയും ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി ആദ്യം രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണ്ണമായും ലോക്കൗട്ടിലേക്ക് പോയിരുന്നു. ട്രെയിനുകളും മെട്രോകളും അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുമെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. നാളെ മുതല്‍ വ്യോമഗതാഗതവും നിര്‍ത്തി വെയ്ക്കും. ലോകത്തുടനീളമായി മൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കിക്കുന്നത്. 13,000 -ത്തോളം പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.