കേരളത്തിൽ കൊറോണ രോഗികൾ 105 ആയി; ആരോഗ്യപ്രവർത്തക ഉൾപ്പടെ 14 പേർക്ക് കൂടി രോഗം

സംസ്ഥാനത്ത് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരിലേക്ക് കൂടി വൈറസ് വ്യാപിക്കുന്നു. ആരോഗ്യപ്രവർത്തക ഉൾപ്പെടെ 14 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി.

ആരോഗ്യപ്രവർത്തക കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. രോഗം സ്ഥിരീകരിച്ച എട്ടുപേർ ദുബായിൽനിന്ന് എത്തിയവരാണ്. ഖത്തറിൽ നിന്നും ബ്രിട്ടനിൽനിന്നും എത്തിയ ഓരോ ആൾക്കാരിലും രോഗം കണ്ടെത്തി.സർകോട് – 6, കോഴിക്കോട് – 3, മലപ്പുറം – 1, പാലക്കാട് – 1, കോട്ടയം – 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

72,460 പേർ നിരീക്ഷണത്തിലാണ്. 71,994പേർ വീടുകളിലും 466 പേർ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. രോഗികളുമായി ഇടപഴകിയ മൂന്നു പേർക്ക് അസുഖം ബാധിച്ചു. ഇന്നലെ മാത്രം 164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4516 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3,331 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി.

അതിർത്തികൾ അടച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്ന വിദ്യാർ‌ത്ഥികളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും നാട്ടിലെത്തിച്ചാൽ ഇവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അത് അനുസരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട്ട് രോഗികൾ വർദ്ധിച്ചേക്കും 2,​500 പേർ നിരീക്ഷണത്തിൽ.ജില്ലയിൽ 2500 ഓളം പേർ കൊറോണ നിരീക്ഷണത്തിലായതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചേക്കുമെന്ന് വിദഗ്ദ്ധ ഡോക്‌ടർമാർ പറയുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വരാനുള്ള 179 പരിശോധനാ ഫലങ്ങളിൽ 40 ശതമാനവും പോസിറ്റീവ് ആയേക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. 81 പേരുടെ സാമ്പിൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ 50ലേറെ പേർക്ക് കൊറോണ സ്ഥിരീകരിച്ചേക്കുന്നാണ് അവർ പറയുന്നത്.ഇതുവരെ 39 പേർക്കാണ് കാസർകോട് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ രോഗം ഭേദപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് വിട്ടു.

ഗൾഫ് നാടുകളിൽ നിന്ന് പ്രത്യേകിച്ച് ദുബായിൽ നിന്ന് വരുന്നവരുടെ പരിശോധനാഫലങ്ങൾ ആണ് പോസിറ്റീവ് ആകുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും അടുത്ത സമ്പർക്കം പുലർത്തിയവർക്കും രോഗം കണ്ടതോടെയാണ് കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവ് ആകാൻ ഡോക്ടർമാർ സാദ്ധ്യത കാണുന്നത്. ഇത് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. കാസർകോട്ട് കൂടുതൽ നിയന്ത്രണം ഉണ്ടാകുമെന്നും സൂചനയുണ്ട്.