കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചു

പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടികള്‍ ഫലപ്രദവും കര്‍ക്കശവുമാക്കുന്നതിനുള്ള കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഈ ഓര്‍ഡിനന്‍സ് സര്‍ക്കാറിന് അധികാരം നല്‍കും. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാനും പൊതു, സ്വകാര്യ ഗതാഗതം നിയന്ത്രിക്കാനും സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡം കൊണ്ടുവരാനും ഈ നിയമം ഉപയോഗപ്പടുത്താം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ടെ്ന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകണമെന്നതാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ഒരു കുടുംബവും പട്ടിണി കിടക്കാന്‍ പാടില്ലെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് അരിയും ഭക്ഷ്യവസ്തുക്കളും നല്‍കാനും ലിസ്റ്റില്‍ പെടാത്തവര്‍ക്ക് അരി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. പത്ത് കിലോ അരി നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് 15 ആയി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്

ചൊവ്വാഴ്ച പത്രസ്ഥാപനങ്ങളുടെ മേധാവികളുമായി നടന്ന കൂടിക്കാഴ്ചയില്‍ പത്രസമ്മേളനം നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം വന്നിരുന്നു. അതിനാല്‍ വിവരങ്ങള്‍ കൈമാറാന്‍ നാളെ മുതല്‍ പത്രസമ്മേളനത്തിന് പകരം മറ്റൊരു മാര്‍ഗം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.