രാജ്യത്ത് ഭക്ഷ്യക്ഷാമം നേരിടില്ല; 80 കോടി ആളുകള്‍ക്ക് സൗജന്യ നിരക്കില്‍ റേഷന്‍: പ്രകാശ് ജാവദേക്കര്‍

കൊവിഡ് വൈറസ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ലോക് ഡൗണില്‍ ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 80 കോടി ആളുകള്‍ക്ക് സൗജന്യ നിരക്കില്‍ റേഷന്‍ നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കൊവിഡിനെ കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും ഒന്നിച്ച് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യക്ഷാമം നേരിടില്ലെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഭക്ഷ്യധാന്യങ്ങള്‍ സൗജന്യനിരക്കില്‍ മുൻകൂറായി നല്‍കും. അരി കിലോക്ക് മൂന്ന് രൂപക്കും ഗോതമ്പ് രണ്ട് രൂപക്കും ലഭ്യമാക്കും. ലോക്ഡൗണ്‍ തുടരുന്ന 21 ദിവസവും ഭക്ഷ്യ ധാന്യങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും സാധനങ്ങള്‍ ഒന്നിച്ചുവാങ്ങേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ കൊവിഡ് 19 പ്രതിരോധത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന സര്‍ജിക്കല്‍ മാസ്‌ക്കുകളുടെ വില നിയന്ത്രിച്ച് കേന്ദ്രം വിജ്ഞാപനമിറക്കിയിട്ടുണ്ട്. മാസ്‌കുകളുടെ വില 16 രൂപയില്‍ കൂടരുത് എന്ന് വ്യക്തമാക്കിയാണ് വിജ്ഞാപനം. ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

സര്‍ജിക്കല്‍ മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും കേന്ദ്രം നേരത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ പെടുത്തിയിരുന്നു. സാനിറ്റൈസറുള്‍ക്ക് 200 മില്ലി ബോട്ടിലിന് പരമാവിധി 100 രൂപയാണ് വില നിശ്ചയിച്ചത്. നിശ്ചിത നിരക്കിലും കൂടിയ വിലക്ക് സാനിറ്റൈസറുകളും മാസ്‌കുകളും വിതരണം ചെയ്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കി.