സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനം പുതിയ നിയമം നിര്‍മിക്കും

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി. 12 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ പാലക്കാട്, മൂന്നു പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനം തിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ്. നാലുപേര്‍ ദുബായില്‍നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് 76542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രാന്‍സില്‍നിന്നുള്ള കൊറോണ ബാധിതനൊപ്പം സഞ്ചരിച്ച ഒരു ടാക്‌സി ഡ്രൈവര്‍ക്കാണ് എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതിനിടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് പുതിയ നിയമം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു . പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിലെ വിവിധ വകുപ്പുകള്‍ക്ക് അധികാരം നല്‍കുന്നതിനാണ് നിയമം നിര്‍മിക്കുന്നത്. കേരള എപ്പിഡമിക് ഡീസീസസ് ആക്ട് എന്നാകും നിയമം അറിയപ്പെടുക.

പ്രതിരോധ പ്രവര്‍ത്തന നടപടികളില്‍ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിയമം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആരോഗ്യ വകുപ്പാണ് നിയമ നിര്‍മാണത്തിന്റെ ആവശ്യം മുന്നോട്ടുവെച്ചത്. നിയമസഭ ചേരാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സായി നിയമം കൊണ്ടുവരാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് നിലവിലെ നിയമം കാലഹരണപ്പെട്ടതാണെന്ന് മന്ത്രിസഭ വിലയിരുത്തി. സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ നിയമം നിര്‍മിക്കുന്നത്.