സംസ്ഥാനത്ത് വിലക്ക് ലംഘിച്ച് റോഡിലിറക്കിയ നൂറ് കണക്കിന് വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക്ക് ഡൗണും നിരോധനാജ്ഞയുമെല്ലാം ഏര്‍പ്പെടുത്തി കൊവിഡ് 19നെ പ്രതിരോധിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ ഇതെല്ലാം അവഗണിച്ച് നിരത്തിലറങ്ങിയവയര്‍ക്കെതിരെ മുഖം നോക്കാതെ പോലീസ് നടപടി. മുന്നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുത്ത പോലീസ് അനാവശ്യമായി വാഹനവുമായി റോഡിലിറങ്ങിയവര്‍ക്കെതിരെല്ലാം കേസെടുത്തു.

അടിയന്തര ആവശ്യത്തിന് മാത്രമായിരുന്നു സര്‍ക്കാര്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നത്. അവശ്യ സര്‍വ്വീസ് അല്ലാതെ ഇറങ്ങുന്നവര്‍ സത്യവാംഗ്മൂലം നല്‍കണമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പലരും ഇന്ന് വാഹനവുമായെത്തിയത് തൊടുന്യായങ്ങള്‍ പറഞ്ഞാണെന്ന് പോലീസ് പറഞ്ഞു. എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ചിലര്‍ മാത്രം നിയമം ലംഘിക്കല്‍ തുടരുകയാണ്. കൊവിഡിനെതിരെ രാപ്പകലില്ലാതെ പൊരുതുന്നവരെ മറന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇവര്‍ താളം തെറ്റിക്കുകയാണെന്നും പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് നിയമലംഘനത്തിന് 612 പേര്‍ അറസ്റ്റിലായി.രാവിലെ കൊച്ചിയില്‍ മാത്രം അറസ്റ്റിലായത് 200 പേരാണ്. കണ്ണൂരില്‍ 94 പേരെയും, എറണാകുളത്ത് 200 പേരെയും അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ 1200 കേസെടുത്തു. കണ്ണൂരില്‍ പിടിച്ചെടുത്തത് 39 വാഹനങ്ങള്‍. 1284 പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്തും കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഇന്ന് 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വയനാട്ടില്‍ ഇന്ന് ഇതുവരെ 20 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയില്‍ 60 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് 113 വാഹനങ്ങള്‍ പിടിച്ചെടുത്തു.

അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ശേഖരിക്കാന്‍ തുടങ്ങി. രണ്ട് തവണ പോലീസ് നിര്‍ദേശം ലംഘിച്ചാല്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കും. അറസ്റ്റും കേസും നേരിടേണ്ടി വരും. പിടിച്ചെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രമേ നല്‍കൂവെന്നും പോലീസ് പറഞ്ഞു.