സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജി ജയരാജിനെ നീക്കി; ഡോ. ചിത്രക്ക് അധിക ചുമതല

ഒടുവില്‍ സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജി ജയരാജിനെ നീക്കി. ഐ ടി മിഷന്‍ ഡയറക്ടര്‍ ഡോ എസ് ചിത്രക്ക് സി ഡിറ്റ് ഡയറക്ടറുടെ അധിക ചുമതല. മുന്‍ എംപി ടി എന്‍ സീമയുടെ ഭര്‍ത്താവായ ജയരാജിന്റെ നിയമനം വലിയ വിവാദമായിരുന്നു.

നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ വന്ന പരാതികളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നു വ്യക്തമായതോടെയാണ് സര്‍ക്കാര്‍ ജയരാജിന്റെ രാജി എഴുതി വാങ്ങിയത്. 24ന് രാത്രി ജയരാജിനെ സ്ഥാനത്തു നിന്ന് നീക്കുന്നതായ ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പുറപ്പെടുവിച്ചു. സി ഡിറ്റില്‍ റജിസ്ട്രാറായിരുന്ന ജി ജയരാജിനെ വിരമിച്ചതിനു ശേഷം കരാര്‍ അടിസ്ഥാനത്തിലാണ് ഡയറക്ടറായി നിയമിച്ചിരുന്നത്.

ഹൈക്കോടതി ഉത്തരവ് എതിരായാല്‍ പോലും മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുമെന്നും എല്‍ഡിഎഫ് ഭരണം വീണ്ടും വരുമ്പോള്‍ താന്‍ ഈ സ്ഥാനത്തു തന്നെ ഉണ്ടാവുമെന്നും ജയരാജ് സി ഡിറ്റ് ജീവനക്കാരുടെ യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ഇതിന്റെ ശബ്ദ രേഖ പുറത്തായതും സര്‍ക്കാരിന് തിരിച്ചടിയായി. പിറകെയാണ് നടപടി.