വൈറസ് ഇല്ലെന്ന് വാദിക്കുന്ന മോഹനൻ നായർ വിയ്യൂർ ജയിലിൽ കോവിഡ് 19 നിരീക്ഷണത്തിൽ

വൈറസ് ഇല്ലെന്ന് വാദിക്കുന്ന, കൊ​റോ​ണ​യ്ക്കു വ്യാ​ജ ചി​കി​ത്സ ന​ല്‍​കി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ചേർത്തല സ്വദേശി വ്യാജ വൈദ്യൻ മോ​ഹ​ന​ന്‍ നായരും കോവിഡ് 19 നി​രീ​ക്ഷ​ണ​ത്തി​ല്‍. വി​യ്യൂ​ര്‍ ജ​യി​ലി​ലാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മോ​ഹ​ന​ന്‍ നായ​ര്‍​ക്കൊ​പ്പം ക​ഴി​ഞ്ഞ തടവുകാരെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ആലുവ​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

തൃശൂർ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ രോഗികളെ പരിശോധന നടത്തുന്നതിനിടെയാണ് മോഹനൻ നായർ അറസ്റ്റിലായത്. ചികിത്സിക്കാൻ പാരമ്പര്യവൈദ്യൻ എന്ന നിലയിൽപ്പോലുമുള്ള ലൈസൻസ് ഇയാൾക്ക് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡിൽ കണ്ടെത്തിയിരുന്നു. രണ്ട് വനിത ആയുർവേദ ഡോക്ടർമാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിയായിരുന്നു നിയമം മറികടക്കാൻ ശ്രമിച്ചത്. ഈ ആയുർവേദ ഡോക്ടർമാർ ക്ഷണിച്ചിട്ട് ക്‌ളാസ് എടുക്കാൻ വന്നതാണെന്നായിരുന്നു ആദ്യം ഇയാൾ പറഞ്ഞത്.

കോവിഡിന്റെ പേരിൽ ചികിത്സ നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിവരം ലഭിച്ച ഉടനെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പീച്ചി പോലീസിനെ വിവരമറിയിച്ചു. പോലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി ക്ലിനിക്കിൽ റെയ്ഡ് നടത്തി. ഉദ്യോഗസ്ഥർ എത്തുമ്പോൾ രോഗികളെ ചികിത്സിക്കുകയായിരുന്നു മോഹനൻ നായർ.

സ്വയം പ്രഖ്യാപിത ജനകീയ നാട്ടുവൈദ്യൻ വൈദ്യൻ മോഹൻനായരുടെ ചികിത്സ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പട്ടിക്കാട് എത്തിയിരുന്നു. രോഗികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.തങ്ങൾ മോഹനൻ നായരുടെ ചികിത്സ തേടിയെത്തിയതാണെന്ന് രോഗികളും സമ്മതിച്ചു. ഇതോടെ താൻ ഡോക്ടർമാർക്ക് ക്‌ളാസെടുക്കാൻ വന്നതാണെന്നുള്ള വാദം പൊളിഞ്ഞു. കൊറോണക്കെന്നല്ല ഒരു രോഗത്തിനും ചികിത്സനടത്താനുള്ള യാതൊരു ലൈസൻസുമില്ലാതെയാണ് ഇയാൾ വ്യാജചികിത്സ നടത്തിവരുന്നതെന്ന് മനസിലാക്കിയ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു . ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.