ന്യൂസ് പേപ്പർ സുരക്ഷിതം; ആഗിരണ ശേഷിയുള്ള പ്രതലത്തില്‍ കൊറോണ നില്‍ക്കില്ലെന്ന് ഗവേഷകര്‍

കൊറോണ വൈറസ് വ്യാപനത്തിന് ന്യൂസ് പേപ്പർ കാരണമാകില്ലെന്ന് ശാസ്ത്ര ഗവേഷകര്‍. ന്യൂസ് പ്രിന്റ് പോലെ ആഗിരണ ശേഷിയുള്ള പ്രതലത്തില്‍ വൈറസിന് നിലനില്‍പ്പില്ലെന്നും അതിനാല്‍ പത്രങ്ങള്‍ വായിക്കുന്നതിൽ ഭയപ്പെടേണ്ടതില്ലെന്നും ന്യൂസ് പ്രിന്റ് സുരക്ഷിതമാണെന്നും ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് വിവിധ പ്രതലങ്ങളില്‍ നിലനില്‍ക്കുന്നത് സംബന്ധിച്ച് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ റിസര്‍ച്ച് ജേര്‍ണല്‍, ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ വിശദമായ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പ്രസര സാധ്യതയുള്ളത് ചെമ്പിലും കാര്‍ഡ്‌ബോര്‍ഡിലുമാണെന്നാണ് ഈ പഠനത്തിൽ പറയുന്നത്. ചെമ്പിന്റെ ആറ്റോമിക് സ്വഭാവവും കാര്‍ഡ്‌ബോര്‍ഡിന്റെ ആഗിരണശേഷിയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്ലാസ്റ്റിക്, സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ പ്രതലങ്ങളിലാണ് വൈറസിന് ഏറ്റവും കൂടുതല്‍ നിലനില്‍ക്കുവാന്‍ കഴിയുകയെന്നും പഠനം വ്യക്തമാക്കുന്നു.

ഓരോ 66 മിനുട്ടിലും കൊറോണ വൈറസിന്റെ ശേഷി പകുതിയായി കുറയും. ഒരു പ്രതലത്തില്‍ വൈറസ് എത്തിക്കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ പിന്നിട്ടാല്‍ ഇതിന്റെ ശേഷി എട്ടില്‍ ഒന്നായി ചുരുങ്ങും. ആറ് മണിക്കൂര്‍ പിന്നിട്ടാല്‍ അത് വെറും രണ്ട് ശതമാനമായി ചുരുങ്ങുമെന്നും വിദഗ്ധര്‍ പറയുന്നു. കാര്‍ഡ് ബോര്‍ഡില്‍ ശേഷി കുറഞ്ഞ് കുറഞ്ഞ് പരമാവധി 24 മണിക്കൂര്‍ മാത്രമേ വൈറസിന് നിലനില്‍പ്പുള്ളൂ. ന്യൂസ്പ്രിന്റ് കാര്‍ഡ്‌ബോര്‍ഡിനേക്കള്‍ ആഗിരണ ശേഷിയുള്ള പ്രതലമായതിനാല്‍ അതില്‍ കാര്‍ഡ്‌ബോര്‍ഡില്‍ നില്‍ക്കുന്ന അത്രയും സമയം വൈറസ് നില്‍ക്കില്ല.

മിനുസമേറിയതും ആഗിരണ സ്വഭാവമില്ലാത്തതുമായ പ്രതലത്തിലാണ് വൈറസിന് കൂടുതല്‍ സമയം സജീവമായി നിലനില്‍ക്കാന്‍ സാധിക്കുക. പ്ലാസ്റ്റിക്കിലും സ്‌റ്റെയിന്‍ലസ് സ്റ്റീലിലും രണ്ട് മുതല്‍ മൂന്ന് ദിവസം വരെ വൈറസിന് നിലനില്‍പ്പുണ്ടാകും.

ന്യൂസ്‌പേപ്പറുകള്‍ വൈറസിന്റെ വാഹകരാകുമെന്ന അഭ്യൂഹങ്ങള്‍ വിദഗ്ധര്‍ തള്ളിക്കളയുന്നുണ്ട്. പത്രങ്ങള്‍ അച്ചടിക്കുന്ന രീതിയും അത് കടന്നുപോകുന്ന പ്രക്രിയയും കാരണം അവ അണുവിമുക്തമാകുന്നുണ്ടെന്നും അതുകൊണ്ടാണ് പരമ്പരാഗതമായി, ആളുകള്‍ അവയില്‍ മത്സ്യവും മറ്റും പൊതിയുകയും കഴിക്കുകയും ചെയ്യുന്നത്. ന്യൂസ്‌പേപ്പര്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന എല്ലാ മഷിയും യഥാര്‍ത്ഥത്തില്‍ അവയെ അണുവിമുക്തമാക്കുന്നുണ്ടെന്നും നോര്‍വിച്ചിലെ ജോണ്‍ ഇന്നസ് സെന്ററിലെ കെമിസ്ട്രി വകുപ്പിലെ പ്രോജക്ട് ലീഡര്‍ പ്രൊഫ. ജോര്‍ജ്ജ് ലോമോനോസോഫ് ബിബിസിയോട് പറഞ്ഞു.

ആരോഗ്യ ഗവേഷണ, പൊതുജനാരോഗ്യ സംഘടനകള്‍, ഇന്ത്യയിലെ അണുബാധകള്‍ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ വിദഗ്ധര്‍, പത്രങ്ങള്‍ കോവിഡ് 19 ന്റെ കാരിയറുകളാണ് പത്രങ്ങളെന്ന വാദം തള്ളിയിട്ടുണ്ട്. ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. കോവിഡ് 19 അണുബാധയ്ക്ക് പത്രങ്ങള്‍ കാരണമാകുമെന്നത് അസത്യമാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. സുജീത് കെ സിംഗ് പറഞ്ഞു.