കൊവിഡ്: 1.7 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. ദുരിതബാധിതര്‍ക്ക് 1,70000 കോടി രൂപയുടെ പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജുണ്ടാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാരും ഇതിന്റെ ഭാഗമാകും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 80 കോടിവരുന്ന നിര്‍ധനര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പുവരുത്തും. ആരും പട്ടിണി കിടക്കാനിടയാകരുത്. നിര്‍ധനര്‍ക്ക് അഞ്ചു കിലോ വീതം മൂന്നുമാസമെന്ന തോതില്‍ 15 കിലോ ധാന്യം സൗജന്യമായി നല്‍കും. ഗോതമ്പോ അരിയോ ഏതുവേണമെന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. നേരത്തെ, 70,000 കോടിയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് പര്യാപ്തമല്ലെന്ന് നിരവധി കോണുകളില്‍ നിന്ന് പ്രതികരണമുയര്‍ന്നതോടെയാണ് പുതിയ പാക്കേജുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. സാമ്പത്തിക, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ദരിദ്രര്‍, വനിതകള്‍, കുടിയേറ്റക്കാര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരെയെല്ലാം പ്രത്യേക പരിഗണനയോടെ കാണുന്ന പദ്ധതിക്ക് പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ സ്‌കീം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍- നഴ്‌സുമാര്‍, പാരാമെഡിക്കല്‍, ആശാവര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നു മാസത്തേക്കും നല്‍കും. ഇതിനകം രോഗത്തെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ വീതം നല്‍കും. രണ്ടു തവണയായി ആയിരം രൂപ വീതമായിരിക്കും നല്‍കുക. മുന്നു കോടി ജനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 20 കോടി വരുന്ന ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് 500 വീതം അടുത്ത മൂന്നു മാസം അധികം അക്കൗണ്ടില്‍ എത്തിക്കും. 8.69 കോടി കര്‍ഷകര്‍ക്ക് കിസാന്‍ കമ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2000 രൂപ വീതം ഉടന്‍ നല്‍കും. ഇതിനു പുറമേ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം വരെ വായ്പ. 

രാജ്യത്തെ 80 കോടി വരുന്ന ദരിദ്ര വിഭാഗങ്ങള്‍ക്ക് (ജനസംഖ്യയില്‍ 2/3) നിലവില്‍ അനുവദിച്ച അഞ്ചു കിലോ അരിയ്ക്കും ഗോതമ്പിനും പുറമേ ആളൊന്നിന് അഞ്ചു കിലോ വീതം സൗജന്യമായി നല്‍കും. ഒരു കിലോ പയര്‍വര്‍ഗങ്ങളും നല്‍കും. ആരും പട്ടിണി കിടക്കേണ്ട സാഹചര്യം വരില്ല. 

ദിവസ വേതനക്കാര്‍ക്കും സഹായം നല്‍കും. തൊഴിലുറപ്പ് പദ്ധതി വേതനം 181 രൂപയില്‍ നിന്ന് 202 രൂപയായി ഉയര്‍ത്തി. ഇതുവഴി തൊഴിലാളികള്‍ക്ക് പ്രതിമാസം 2000 രൂപ അധിക വരുമാനം ലഭിക്കും. 

ഉജ്വല സ്‌കീമില്‍ ഉള്‍പ്പെടുത്തി 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ എല്‍.പി.ജി സിലിണ്ടര്‍ നല്‍കും. 

100 ല്‍ താഴെ ജീവനക്കാരുള്ളതും 90 ശതമാനം പേര്‍ക്കും 1,5000 രൂപയില്‍ താളെ ശമ്പളം ഉള്ളതുമായ കമ്പനികളുടെ ഇ.പി.എഫ് തുക മൂന്നു മാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. ഇ.പി.എഫിലെ 24 ശതമാനം തുകയോ മൂന്നു മാസത്തെ തുകയോ ആയിരിക്കും അടയ്ക്കുക. നിര്‍മ്മാണ തൊഴിലാളികള്‍ക്കും ജില്ലാതലത്തിലും ഖനന തൊഴിലാളികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. 3.5 കോടി രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ട്. ആശ്വാസ നടപടികള്‍ക്കായി ക്ഷേമനിധിയില്‍ നിന്ന് 31,000 കോടി രൂപയുടെ ഫണ്ട് വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവാദം നല്‍കുന്നതായും നിര്‍മല സീതാരാമന്‍ അറിയിച്ചു. 

ജില്ലാ മിനറല്‍ ഫണ്ട് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി. 4.8 കോടി ജനതയ്്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 4.8 കോടി ഇ.പി.എഫ്.ഒ രജിസ്‌ട്രേര്‍ഡ് തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളമോ അവരുടെ പി.എഫ് ഫണ്ടിന്റെ 75 ശതമാനമോ ഏതാണോ കുറവ് പിന്‍വലിക്കാന്‍ അനുമതി നല്‍കും.