വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന; വിളിച്ചിറക്കി ഓടിച്ചിട്ട് തല്ലി പൊലീസ്, വീഡിയോ

കൊറോണ രോഗം പ്രതിരോധിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മുസ്ലീം പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിനാളുകളെ പൊലീസ് പളളിയില്‍ നിന്ന് തിരിച്ചിറക്കി അടിച്ചോടിച്ചു. കർണാടകയിലെ ബെൽഗാമിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായികൊണ്ടിരിക്കുകയാണ്. നിസ്‌കാരം കഴിഞ്ഞ ശേഷമാണ് ഇവര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ആരാധാനലയങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം ഉണ്ട്. ഇത് ലംഘിച്ചാണ് നിരവധി ആളുകള്‍ കൂട്ടമായി പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്ക് എത്തിയത്.

രാജ്യത്താകമാനം 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപനം വന്ന ശേഷവും കേരളത്തിൽ ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ ആളുകൾ ഈ നിർദേശം ലംഘിച്ചുകൊണ്ട് പുറത്തേക്ക് വരുന്ന കാഴ്ചകളാണ് കാണുന്നത്. ലോക്ക്ഡൗണിന്റെ മൂന്നാം ദിനത്തിലും ഈ പ്രവണതയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഒടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് ഇന്ത്യയിൽ 694 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ച് 16 പേർ മരണമടയുകയും 45 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്.