റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യം നൽകുമെന്ന് മുഖ്യമന്ത്രി

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ,​ സംസ്ഥാനത്ത് റേഷൻകാർഡ‌് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആധാർ നമ്പർ പരിശോധിച്ചാവും റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്തുക.

മറ്റ് റേഷൻ കാർഡുകളിൽ പേരില്ലാത്തവർക്കും ഇത്തരത്തിൽ ഭക്ഷ്യധാന്യം സൗജന്യനിരക്കിൽ വിതരണം ചെയ്യും. ഇതിലൂടെ ഒരു പ്രദേശത്ത് വാടകവീടെടുത്ത് താമസിക്കുന്നവർക്കും ഭക്ഷ്യധാന്യം വിതരണം ഉറപ്പ് വരുത്താനാണ് ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സഹകരണ ബേങ്കുകള്‍ ഇന്ന് തന്നെ പെന്‍ഷന്‍ എത്തിച്ച് തുടങ്ങിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. കൊവിഡ് ഭീതി എത്ര കടുത്തതായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്.

ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത എപ്പോഴും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിച്ചു. പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും സൗകര്യം ഒരുക്കി. ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കും. 43 പഞ്ചായത്തുകളില്‍ ഇതിനകം കമ്മ്യൂണിറ്റി കിച്ചന്‍ നിലവില്‍ വന്നു കഴിഞ്ഞു. മറ്റ് പഞ്ചായത്തുകളിലും മുനിസിപാലിറ്റികളും തയ്യാറെടുപ്പ് പൂര്‍ത്തിയായി. ക്ഷീര- മൃഗസംരക്ഷണ വകുപ്പിനെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ക്ക് കുറവുണ്ടാല്‍ അയല്‍ സംസ്ഥാനത്ത് കോണ്‍വോയ് ആയി വാഹനങ്ങള്‍ പറഞ്ഞയച്ച് സാധനങ്ങള്‍ എത്തിക്കും. ചരക്ക് നീക്കത്തിനുള്ള ബുദ്ധിമുട്ട് പരിഹരിക്കും.

അന്യ സംസ്ഥാനക്കാരെ വീടുകളില്‍ നിന്ന് ഇറക്കിവിടുന്നത് അനുവദിക്കില്ല. ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കും. സംസ്ഥാനത്തിന്റെ സല്‍പ്പേരിന് കളങ്കമാക്കുന്ന ഒന്നും അനുവദിക്കില്ല.

എല്ലാ ജില്ലകളിലും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കി. ഇവരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. പോലീസ് നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പോലീസും സംയമനം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പാക്കേജ് സ്വാഗതം ചെയ്യുന്നു. തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ പാക്കേജിനെ കേരളം ശരിയായ രൂപത്തില്‍ ഉപയോഗിക്കും. സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെയുള്ള സൗകര്യങ്ങളും കൊവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രിതിരോധത്തിനായി സംസ്ഥാനം സ്വീകരിച്ച നടപടയെ കേന്ദ്രം പ്രശംസിച്ചതായും ഇക്കാര്യം കേന്ദ്രമന്ത്രി സദാനദ്ദ ഗൗഡ ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.