ഇത് കേരളത്തിൽ കാണാത്ത കാര്യം, ഇനി ആവർത്തിക്കരുത്: യതീഷ് ചന്ദ്രയെ താക്കീത് ചെയ്ത് മുഖ്യമന്ത്രി

ലോക്ക്ഡൗൺ പാലിക്കാതെ പുറത്തിറങ്ങിയവരെ റോഡിൽ നിർത്തി പരസ്യമായി ഏത്തമിടുവിച്ച് ‘ശിക്ഷ’ നടപ്പാക്കിയ കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യമാണ് ഇതെന്നും ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നടത്തിയ കൊറോണ രോഗ അവലോകന വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞത്.

സംഭവത്തിൽ ഹോം സെക്രട്ടറി ഡി.ജി.പിയുമായി ബന്ധപ്പെട്ട് ആവശ്യമായ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിൽ പൊതുവെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന പൊലീസിന്റെ യശസ്സിനെയാണ് ഈ സംഭവം ബാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെയാണ് പൊലീസുകാരിൽ പലരും തങ്ങളുടെ ഡ്യൂട്ടി നടപ്പാക്കുന്നതെന്നും അതിന് ജനങ്ങളിൽ നിന്നും സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അവർക്ക് മങ്ങലേൽപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ യതീഷ് ചന്ദ്രയോട് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വിശദീകരണം തേടിയിട്ടുണ്ട്. നടപടിയുടെ സാഹചര്യം അറിയിക്കാനാണ് ഡി.ജി.പി എസ്‌.പിയോട് നിർദേശിച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നപടികൾ മാത്രമേ സ്വീകരിക്കാവൂ എന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. ഏത്തമിടുവിക്കാനുള്ള സാഹചര്യം എന്തായിരുന്നുവെന്നും അങ്ങനെയൊരു നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്നുമാണ് ഡി.ജി.പി യതീഷ് ചന്ദ്രയോടു ചോദിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദീകരണം നൽകാൻ രണ്ടു ദിവസത്തെ സമയവും എസ്.പിക്ക് അനുവദിച്ചിട്ടുണ്ട്,

കണ്ണൂർ ജില്ലയിലെ അഴീക്കലിലാണ് ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടുവിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് പൊലീസ് പരസ്യശിക്ഷ നടപ്പാക്കുന്ന സംഭവം ഉണ്ടാകുന്നത്. യതീഷ് ചന്ദ്രയുടെ ‘ശിക്ഷാ നടപടി’യുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.