കൊവിഡിന്റെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം ഇന്ത്യ പുറത്തുവിട്ടു

ലോകം മുഴവന്‍ ആയിരങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു. അതിശക്തമായ മൈക്രോസ്‌കോപ് ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

70 മുതൽ 80 നാനോമീറ്റർമാത്രം വലിപ്പമുള്ള ഉരുണ്ട രൂപമാണ് വൈറസിന് (മനുഷ്യന്റെ തലനാരിഴയ്ക്ക് 80,000 നാനോമീറ്റർ വലിപ്പമുണ്ടാകും). വൈറസിന്റെ പ്രതലത്തിൽ തണ്ടുപോലെ ഉയർന്നുനിൽക്കുന്ന കണങ്ങളുടെ സാന്നിധ്യവും ചിത്രം വെളിപ്പെടുത്തി.

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനിൽനിന്നെത്തിയ മലയാളി വിദ്യാർഥിനിയുടെ തൊണ്ടയിലെ സ്രവത്തിൽനിന്ന് കണ്ടെത്തിയ വൈറസിന്റെ ചിത്രമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെയും പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും ശാസ്ത്രജ്ഞർചേർന്ന് പകർത്തിയത്.  

കേരളത്തിലെ സാമ്പിളുകളിലെ വൈറസും വുഹാനിലുള്ള വൈറസും തമ്മിൽ 99.98 ശതമാനം സാമ്യമുണ്ടെന്ന് കണ്ടെത്തി.