സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഒന്നരക്ഷം പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ എട്ട് പേര്‍ക്കും കാസര്‍ഗോഡ് ഏഴ് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍ 18 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ രോഗികളുമായി അടുത്ത് ഇടപഴകിയവരാണ്. ഇതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 181 ആയി. പത്തനംതിട്ടയില്‍ നാല് രോഗബാധിതരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് 6000 പേരെ കുടി നിരീക്ഷണ പട്ടികയിലേക്ക് ഉള്‍പ്പെടുത്തി. ഇതോടെ ആകെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മൊത്തം എണ്ണം 1,41,211 കവിഞ്ഞു. 593 പേര്‍ ആശുപത്രിയികളിലും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി രോഗ ബാധിതരു​ടെ പരിശോധനാ ഫലം പുറത്തുവന്നതോടെ കാസര്‍ഗോഡ് ജില്ലയില്‍ മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി. സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ഇതിനായി റാപ്പിഡ് ടെസ്റ്റ് അടക്കമുള്ള പരി​​ശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.